Site iconSite icon Janayugom Online

ദേശീയ ഊർജ സംരക്ഷണ അവാർഡ് രണ്ടാംസ്ഥാനം കേരളത്തിന്

2024ലെ നാഷണൽ എനർജി കൺസർവേഷൻ (എന്‍ഇസിഎ) അവാർഡിലെ ഊർജ കാര്യക്ഷമതയില്‍ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ കാര്യക്ഷമത സൂചികയിൽ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. 

കാർഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യാവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും, ഈ മേഖലയിലെ ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. വൈദ്യുതി മന്ത്രാലയം നൽകുന്ന ഈ അവാർഡ് ഊർജ സംരക്ഷണ മേഖലയിൽ സംസ്ഥാനം നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണ്. ദേശീയ ഊർജ സംരക്ഷണ ദിനം കൂടിയായ ഇന്നലെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഇന്ത്യൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായിരുന്ന വേദിയിൽ, സംസ്ഥാനത്തിനുവേണ്ടി എനർജി മാനേജ്‌മെന്റ് സെന്റർ കേരള ഡയറക്ടർ ഡോ.ആർ ഹരികുമാർ പുരസ്കാരം ഏറ്റുവാങ്ങി. വൈദ്യുതി, പുനരുപയോഗ ഊർജം എന്നിവയുടെ സഹമന്ത്രി ശ്രീപദ് യെസോ നായിക്, വൈദ്യുതി മന്ത്രാലയം സെക്രട്ടറി പങ്കജ് അഗർവാൾ, ബിഇഇ ഡയറക്ടർ ജനറൽ, വൈദ്യുതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീകാന്ത് നാഗുലാപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അഭിമാനകരമെന്ന് മുഖ്യമന്ത്രി

ഊർജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ മികവോടെ മുന്നോട്ടുപോകാൻ ഈ അംഗീകാരം പ്രചോദനം പകരുമെന്നും അദ്ദേഹം പറ‌ഞ്ഞു.

Exit mobile version