Site iconSite icon Janayugom Online

ദേശീയ ഗെയിംസിന് നാളെ സമാപനം; കേരളത്തിന് 13 സ്വര്‍ണം

38-ാമത് ദേശീയ ഗെയിംസിന് നാളെ സമാപനം. മികച്ച മെഡല്‍വേട്ടയുമായി സര്‍വീസസ് കിരീടത്തിലേക്ക്. 68 സ്വര്‍ണവും 26 വെള്ളിയും 27 വെങ്കലവും ഉള്‍പ്പെടെ ആകെ 121 മെഡലുകളുമായി തലപ്പത്താണ് സര്‍വീസസ്. രണ്ടാമതുള്ള മഹാരാഷ്ട്രയ്ക്ക് 54 സ്വര്‍ണവും 71 വെള്ളിയും 72 വെങ്കലവുമുള്‍പ്പെടെ ആകെ 197 മെഡലുകളാണുള്ളത്. നേരത്തെ ഏഴാം സ്ഥാനം വരെയെത്തിയ കേരളം നിലവില്‍ 14-ാമതാണ്. 13 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവുമുള്‍പ്പെടെ ആകെ 54 മെഡലുകളാണ് കേരളം നേടിയത്. 

ഹര്‍ഷിത ജയറാം നീന്തലില്‍ ഹാട്രിക് സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക്, 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക്, 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക് എന്നിവയിലാണ് ഹര്‍ഷിത സ്വര്‍ണം നേടിയത്. വാട്ടര്‍ പോളോയിലും കേരളം മികച്ച പ്രകടനമാണ് നടത്തിയത്. വനിതാ വാട്ടര്‍ പോളോയില്‍ സ്വര്‍ണം നേടി കേരളം ചരിത്രം കുറിച്ചിരുന്നു. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീല്‍ സ്വര്‍ണം നേടിയിരുന്നു. വനിതാ വോളിയില്‍ തമിഴ്‌നാടിനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു കേരളം സ്വര്‍ണം നേട്ടത്തിലെത്തിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ സജന്‍ പ്രകാശ് സുവര്‍ണനേട്ടത്തില്‍ തൊട്ടു. കൂടാതെ ഇത്തവണത്തെ ദേശീയ ഗെയിംസില്‍ രണ്ട് വെങ്കലവും നേടാന്‍ സജന് കഴിഞ്ഞു. 

തായ്ക്വൊണ്ടോയില്‍ കേരളം ആകെ ആറ് മെഡലുകളാണ് നേടിയത്. ഒരു സ്വര്‍ണവും അഞ്ച് വെങ്കലവും. മാര്‍ഗററ്റ് മരിയയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷ ഡെക്കാത്തലോണില്‍ തൗഫീഖ് എന്‍ സ്വര്‍ണം നേടി. 27 വര്‍ഷങ്ങള്‍ക്കുശേഷം പുരുഷ ഫുട്ബോളില്‍ സ്വര്‍ണം നേടിയതും ഈ ദേശീയ ഗെയിംസിലാണ്. വനിതാ കോസലസ് ഫോറില്‍ സ്വര്‍ണം നേടിയിരുന്നു. വനിതാ ഫെന്‍സിങ് സാബ്രെ വ്യക്തിഗത വിഭാഗത്തില്‍ അല്‍ക്ക വി സണ്ണി വെങ്കലം സ്വന്തമാക്കി. അത്‌ലറ്റിക്സില്‍ റിലേ 4x400 മിക്സ‍ഡ് റിലേയില്‍ കേരളം സ്വര്‍ണം നേടിയതാണ് ആശ്വാസമായത്. 

Exit mobile version