Site iconSite icon Janayugom Online

നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇഡി കുറ്റപത്രം തള്ളി കോടതി, സോണിയക്കും രാഹുലിന് ആശ്വസം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള ഇഡി കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി സ്പെഷ്യല്‍ ജഡ്ജ് വിശാല്‍ ഗോഘ്‌നെ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള ഇഡി കേസ് സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസില്‍ നേരത്തേതന്നെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

ഇഡിയുടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. അതേസമയം, ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും വ്യാജരേഖ ചമച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും തെളിവുണ്ടെന്നുമാണ് ഇഡി വാദിച്ചത്. ഡല്‍ഹി കോടതിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസെടുത്തിരുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അന്തരിച്ച പാർട്ടി നേതാക്കളായ മോട്ടിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ, യങ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനി എന്നിവർക്കെതിരെ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇഡി കേസെടുത്തത്. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000ത്തോളം കോടി രൂപയുടെ സ്വത്തുക്കൾ അവർ സ്വന്തമാക്കിയെന്നാണ് കേസിലെ ആരോപണം. യങ് ഇന്ത്യയിൽ ഗാന്ധി കുടുംബം 76 % ഓഹരികളും കൈവശം വച്ചിരുന്നുവെന്നും, 90 കോടി രൂപയുടെ വായ്പക്ക് പകരമായി എജെഎല്ലിന്റെ സ്വത്തുക്കൾ ‘വഞ്ചനാപരമായി’ തട്ടിയെടുത്തെന്നും അന്വേഷണ ഏജൻസി ആരോപിച്ചു. എന്നാൽ, ഇതെല്ലാം കോൺഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്.

Exit mobile version