മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി ചോദ്യം ചെയ്തു. വര്‍ഷകാല സമ്മേളനത്തിനിടയില്‍ തനിക്ക് ഇഡിയുടെ നോട്ടീസ് ലഭിച്ചതായി ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് അടച്ചുപൂട്ടി മുദ്രവച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കമ്പനിയുടെ അംഗീകൃത പ്രതിനിധിയാണെന്നും അദ്ദേഹം ഇല്ലാത്തതുകൊണ്ടാണ് ഹെറാള്‍ഡ് ഓഫീസ് മുദ്രവയ്ക്കേണ്ടി വന്നതെന്നും ഇഡി അറിയിച്ചു. ഖാര്‍ഗെയെയും രാഹുല്‍ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഈ കേസില്‍ ഇഡി പല തവണയായി ചോദ്യം ചെയ്തിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യന്‍ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി. കേസിന് ഹവാല ബന്ധമുണ്ടെന്നാണ് ഇഡിയുടെ പുതിയ കണ്ടെത്തല്‍. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഹവാല ബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന രേഖകളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. യങ് ഇന്ത്യന്‍ സ്ഥാപനങ്ങളിലെ പരിശോധന പൂര്‍ത്തിയായതിനു ശേഷം ഇഡി അടുത്ത നടപടിയിലേക്ക് കടക്കും.
എജെഎല്ലിനെയും യങ് ഇന്ത്യനെയും സംബന്ധിച്ച എല്ലാ സാമ്പത്തിക തീരുമാനങ്ങളും മോത്തിലാല്‍ വോറയുടേതാണെന്ന സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും അവകാശവാദം വിശ്വാസയോഗ്യമല്ലെന്നും ഇഡി പറയുന്നു. അതേസമയം ഇഡി അന്വേഷണം ബിജെപിയുടെ വിരട്ടല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
English Summary:National Herald case; ED questioned Mallikarjun Kharge
You may also like this video