Site iconSite icon Janayugom Online

നാഷണൽ ഹെറാൾഡ്‌ കേസ് : നടപടി തുടരാന്‍ നിര്‍ദേശിച്ചത് സുപ്രീംകോടതി

നാഷണൽ ഹെറാൾഡ്‌ കേസിൽ വിചാരണക്കോടതിയിലെ തുടർനടപടി നിര്‍ത്തണമെന്ന സോണിയയുടെയും രാഹുലിന്റെയും ഹർജി 2016 ഫെബ്രുവരിയിൽ സുപ്രീംകോടതി തള്ളിയിരുന്നു. നിയമാനുസരണം നടപടികൾ മുന്നോട്ടുപോകട്ടെ എന്നാണ് അന്നത്തെ ചീഫ്‌ജസ്‌റ്റിസ്‌ ജെ എസ്‌ ഖെഹർ നിർദേശിച്ചത്.നാഷണൽ ഹെറാൾഡ്‌ പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡ്‌ (എജെഎൽ) സോണിയയും രാഹുലും മുഖ്യ ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ്‌ (വൈഐഎൽ) ഏറ്റെടുത്തതിൽ വൻക്രമക്കേടുണ്ടെന്ന്‌ ആരോപിച്ച്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻ സ്വാമിയാണ്‌ പരാതി നൽകിയത്‌.

പ്രഥമദൃഷ്ട്യാ കേസ്‌ നിലനിൽക്കുമെന്ന്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ ഗോമതി മനോച്ച 2014 ജൂണിൽ നിരീക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന്‌ 2014ൽ തുടങ്ങിയ ഇഡി അന്വേഷണം ഇടക്കാലത്ത്‌ നിലച്ചു. 2015 സെപ്‌തംബറിൽ അന്വേഷണം പുനരാരംഭിച്ചു. പട്യാലഹൗസ്‌ കോടതിയെ സമീപിച്ച്‌ സോണിയയും രാഹുലും ജാമ്യം നേടി. പിന്നാലെയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഇഡി 2019ൽ കേസിൽ 16 കോടിയുടെ ആസ്‌തി കണ്ടുകെട്ടി.

അസോസിയേറ്റഡ്‌ ജേണൽ കമ്പനിയുമായും യങ് ഇന്ത്യൻ ലിമിറ്റഡുമായുള്ള ബന്ധം, അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡിന്റെ ആസ്‌തി വിശദാംശം, നാഷണൽഹെറാൾഡ്‌ പുനഃപ്രസിദ്ധീകരിക്കാൻ കോൺഗ്രസ്‌ എന്തടിസ്ഥാനത്തിലാണ്‌ വായ്‌പ നൽകിയത്‌, മറ്റേതെങ്കിലും അനുബന്ധസ്ഥാപനങ്ങൾക്ക്‌ കോൺഗ്രസ്‌ വായ്‌പകൾ നൽകിയിട്ടുണ്ടോ, അസോസിയേറ്റഡ്‌ ജേണലിന്റെ ഓഹരികൾ യങ് ഇന്ത്യൻ ഏറ്റെടുക്കുന്നതിനുമുമ്പ്‌ ഓഹരി ഉടമകളുമായി ചർച്ച നടത്തിയോ, നടപടികൾ കൃത്യമായി പാലിച്ചാണോ ആസ്‌തി ബാധ്യതകൾ ഏറ്റെടുത്തത്‌ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചെന്ന്‌ ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ആസ്ഥാനത്ത്‌ രാഹുൽ ഗാന്ധി മണിക്കൂറുകളോളം ചോദ്യംചെയ്യലിന്‌ വിധേയനായപ്പോൾ താൻ നടപ്പാക്കിയ നിയമത്തെ ഓർത്ത്‌ പി ചിദംബരം പരിതപിച്ചിട്ടുണ്ടാകണം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ 2005ൽ നിലവിൽവന്ന കള്ളപ്പണം തടയൽ നിയമവും ചട്ടങ്ങളുമാണ്‌ ഇഡിയെ വലിയ അധികാരങ്ങളുള്ള അന്വേഷണ ഏജൻസിയാക്കി മാറ്റിയത്‌. 

കള്ളപ്പണം തടയൽ നിയമം 2002ൽ വാജ്‌പേയ്‌ സർക്കാരിന്റെ കാലത്ത്‌ പാസായതാണെങ്കിലും ചട്ടങ്ങൾ സഹിതം പ്രാബല്യത്തിലായത്‌ 2005ലാണ്‌. അറസ്‌റ്റിനുള്ള അധികാരവും സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള അധികാരവുമെല്ലാം യുപിഎ കാലത്ത്‌ ഇഡിക്ക്‌ ലഭിച്ചു. ജാമ്യ ഉപാധികൾ കർക്കശമാക്കി. യുപിഎ കാലത്ത്‌ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാൻ ഇഡിയെ കോൺഗ്രസ്‌ ഉപയോഗപ്പെടുത്തി. 2014ൽ മോഡിഅധികാരത്തിൽ വന്നതുമുതൽ കള്ളപ്പണം തടയൽ നിയമവും ഇഡി എന്ന ഏജൻസിയുമെല്ലാം കോൺഗ്രസിനെ തിരിഞ്ഞുകൊത്തി.

Eng­lish Sum­ma­ry : Nation­al Her­ald: Case: Supreme Court directs proceedings

You may also like this video: 

Exit mobile version