Site iconSite icon Janayugom Online

നാഷണല്‍ ഹെറാള്‍ഡ്; മധ്യപ്രദേശിലും അന്വേഷണം മുറുക്കുന്നു

നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആസ്തികള്‍ സംബന്ധിച്ച്‌ പരിശോധന നടത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ആസ്തികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് സംസ്ഥാന നഗരവികസന മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിലാണ് ഭൂമി അനുവദിച്ചത്. അത് പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലാക്കിയെന്നും സിങ് പറഞ്ഞു. 

പത്രത്തിന്റെ യന്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോയതിനും നവജീവനിലെ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനും പാട്ടക്കരാറുമായി ബന്ധപ്പെട്ടും കേസുകള്‍ നിലവിലുണ്ട്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഭോപ്പാലിലെ പ്രസ് കോംപ്ലക്സില്‍ 1.14 ഏക്കര്‍ 1982‑ല്‍ ഒരു ലക്ഷം രൂപയ്ക്ക് ഭൂമി പാട്ടത്തിനെടുത്തിരുന്നു. അക്കാലത്ത് എജെഎല്‍ ഇംഗ്ലീഷ് ദിനപത്രമായ നാഷണല്‍ ഹെറാള്‍ഡും ഹിന്ദി ദിനപത്രമായ നവജീവനും ഉറുദു ദിനപത്രമായ കൗമി ആവാസുമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. 2011‑ല്‍ പാട്ടക്കാലാവധി അവസാനിച്ചപ്പോള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുപകരം ഭൂമി മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി. 1992‑ല്‍ തന്നെ പത്രങ്ങളുടെ പ്രസിദ്ധീകരണം നിലച്ചിരുന്നു. 

എജെഎല്ലിന് അനുവദിച്ച ഭൂമിയുടെ ഭാഗങ്ങള്‍ വ്യത്യസ്ത ആളുകള്‍ക്ക് വിറ്റതായും ആ പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം പലതവണ മാറിയെന്നുമാണ് ആരോപണം. ഇതേതുടര്‍ന്ന് പാട്ടക്കരാര്‍ പുതുക്കാന്‍ ഭോപ്പാല്‍ വികസന അതോറിട്ടി വിസമ്മതിച്ചു. നിലവില്‍ ഇതേസ്ഥലത്ത് വിശാല്‍ മെഗാ മാര്‍ട്ടിന്റെ ഒരു യൂണിറ്റും മംഗളം, ലോട്ടസ് ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളും ഉണ്ട്. 2012‑ല്‍ ബിഡിഎ പട്ടയം റദ്ദാക്കുകയും ഭൂമി തിരിച്ചുപിടിക്കാന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസ് തുടരുകയാണ്. 

Eng­lish Summary:National Her­ald; Inves­ti­ga­tions are also being inten­si­fied in Mad­hya Pradesh
You may also like this video

Exit mobile version