Site iconSite icon Janayugom Online

ദേശീയപാത 66: നാല് സ്ട്രച്ചുകള്‍ മാർച്ചില്‍ പൂർത്തിയാക്കും

ദേശീയപാത 66ന്റെ നാലു സ്ട്രെച്ചുകള്‍ മാർച്ച് 31ന് പൂര്‍ത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഓരോ സ്ട്രെച്ചുകളുടെയും നിർമ്മാണ പുരോഗതി പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തിൽ കൂടുതൽ നിർമ്മാണ പുരോഗതി കൈവരിച്ച തലപ്പാടി-ചെങ്കള, കോഴിക്കോട്-ബൈപ്പാസ്, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രെച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. 

സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ദേശീയപാത നിർമ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികൾ സംബന്ധിച്ചും യോഗം ചർച്ചചെയ്തു. വിവിധ ജലാശയങ്ങളിൽ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതി അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഏഴോളം ജലസ്രോതസുകളിൽ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി എൻഎച്ച്എഐ ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി, വേമ്പനാട്ട് കായൽ എന്നിവിടങ്ങളിൽ നിന്ന് അനുമതി നൽകിക്കഴിഞ്ഞതായും ബാക്കിയുള്ളവ പരിശോധിച്ച് വരികയാണെന്നും ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മൈനിങ് ആന്റ് ജിയോളജി വകുപ്പിൽ നിന്ന് മണ്ണെടുക്കാനുള്ള അനുമതി ലഭിച്ചശേഷം ചില സ്ഥലങ്ങളിൽ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് അതിനാവുന്നില്ലെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളിൽ കെട്ടിവച്ച തുക തിരികെ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. 

ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകൾ വളരെ വേഗത്തിൽ തീർപ്പാക്കാൻ വിവിധ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 17,293 കേസുകളാണ് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ദേശീയപാത 66നായി ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതി 90 മുതൽ 95 ശതമാനം വരെ പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. നിർമ്മാണത്തിനായി 5,580 കോടി ഇതിനോടകം സംസ്ഥാനം മുടക്കിയിട്ടുണ്ട്. എൻഎച്ച് 966 നിർമ്മാണത്തിനായി 1,065 കോടിയും എൻഎച്ച് 66നായി 237 കോടിയും എൻഎച്ച്എഐ കേരളത്തിനോടാവശ്യപ്പെടുന്നുണ്ട്. 

Exit mobile version