Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ ദേശീയപാത തകര്‍ന്നു, ആപ്പിള്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍; ടണ്‍ കണക്കിന് ആപ്പിള്‍ നശിക്കുന്നു

ജമ്മു കശ്മീരില്‍ ദേശീയപാത തകര്‍ന്നതോടെ കുടുങ്ങിക്കിടക്കുന്ന ട്രക്കുകളിലെ ആയിരക്കണക്കിന് ടണ്‍ ആപ്പിളുകള്‍ ചീഞ്ഞടിയുന്നു. കഴിഞ്ഞ 20 ദിവസമായിട്ടും തകര്‍ന്നു കിടക്കുന്ന ദേശീയപാത പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനോടുള്ള കടുത്ത അമര്‍ഷത്തിലാണ് കര്‍ഷകര്‍. രാജ്യത്തെ ആപ്പിള്‍ ഉല്പാദനത്തിന്റെ 80% കശ്മീരിലാണ്. ഓരോ വര്‍ഷവും തന്റെ ഊര്‍ജവും സമ്പാദ്യവും ആപ്പിള്‍ കൃഷിയില്‍ നിക്ഷേപിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഇപ്രാവശ്യം വന്‍ തിരിച്ചടിയാണ് ലഭിച്ചത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ദേശീയപാത തകര്‍ന്നത് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ദിവസങ്ങളോളം ആപ്പിളുകള്‍ ട്രക്കുകളില്‍ കെട്ടിക്കിടക്കുന്നത് കര്‍ഷകരുടെ സ്വപ്നങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണ്. 

ഇതിനിടെ ട്രക്കുകളില്‍ നിന്നും ചീഞ്ഞളിഞ്ഞ ആപ്പിളുകള്‍ പുറത്ത് കൂട്ടിയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോള്‍ഡ് സ്റ്റേറേജുകളുടെ അപര്യാപ്തതയാണ് ഇത്രയധികം ആപ്പിളുകള്‍ ചീഞ്ഞടിയാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍പ്രതിഷേധമാണ് കര്‍ഷകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത്. കശ്മീരിലുടനീളം ആപ്പിള്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ പാതാ നിര്‍മ്മാണം സൈന്യത്തിന് വിട്ടുകൊടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

നിലവില്‍ കശ്മീരിലെ കാലാവസ്ഥ പ്രവചനാതീതമാണ്. കടുത്ത മഞ്ഞുവീഴ്ച, ആലിപ്പഴം, തുടരെയുള്ള മഴ എന്നിവ വിളകളുടെ ഉല്പാദനത്തെ സാരമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. കൂടാതെ അടുത്തിടെ ആപ്പിള്‍ തോട്ടങ്ങളില്‍ പടര്‍ന്നുപിടിച്ച കീടാണു മൂലം കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കശ്മീരില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ശ്രീനഗര്‍-ജമ്മു ദേശീയപാത ഭാഗികമായി തകര്‍ന്നടിയുകയും താര്‍ഡിലെ പാതയിലെ 300 മീറ്റര്‍ ഭാഗം ഒലിച്ചുപോകുകയും ചെയ്തിരുന്നു. ചെനനി, ഉദ്ദംപൂര്‍, നഷ്രി, ബനിഹാല്‍ എന്നീ ഹൈവേകളിലും കാര്യമായ നാശം സംഭവിച്ചിരുന്നു.
ദേശീയപാത പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ആയിരം കോടി രൂപ ചെലവഴിച്ചാണ് ശ്രീനഗര്‍-ജമ്മു നാലുവരി പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ മഴയില്‍ പാലത്തിന്റെ ദുര്‍ബലത പുറത്തുവന്നിരിക്കുകയാണ്. കൃത്യമായ ആസൂത്രണമോ സര്‍വേകളോ ഇല്ലാതെയാണ് സര്‍ക്കാര്‍ പാലം നിര്‍മ്മിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം.

Exit mobile version