കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതാ വികസനം 2025 ൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പണം നൽകിയത് ഇന്ത്യയിലാദ്യമാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
മലയോര ഹൈവേയുടെ പ്രവൃത്തികളും മുന്നോട്ടു പോകുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54 റീച്ചുകളിലായി 804.49 കി. മീ റോഡിന്റെ പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ മൂന്ന് റീച്ചുകൾക്കൊഴികെ സാമ്പത്തിക അനുമതി നൽകി. തീരദേശ ഹൈവേയുടെ 537 കിലോ മീറ്റർ പ്രവൃത്തിയാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. ഇതിൽ 200 കി മീ ദൂരത്തിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചു. മൂന്ന് സ്ട്രെച്ചുകളിലായി സ്ഥലം ഏറ്റെടുക്കലിനായി 127.8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മികച്ച പുനരധിവാസ പാക്കേജും ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.
13 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി ഒന്നിച്ച് പുരോഗമിക്കുന്നു. പ്രധാന പാതകളിൽ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതി കേരളത്തിലെ പശ്ചാത്തല വികസ മേഖലയിൽ വൻകുതിപ്പ് ഉണ്ടാക്കും. കാഞ്ഞങ്ങാട് ആർഒബി പൂർത്തിയായി. പുരോഗമിക്കുന്ന പദ്ധതികളിൽ 9 എണ്ണം കിഫ്ബിയിലൂടെയാണ്. 4 എണ്ണം പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചും. ലെവൽ ക്രോസില്ലാത്ത കേരളം പദ്ധതിക്ക് 21 ഇടത്ത് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഇതിൽ ഏഴെണ്ണം ഈ വർഷം ടെണ്ടർ ചെയ്യും.
English Summary;National highway development to be completed by 2025: Minister Muhammad Riyas
You may also like this video