Site iconSite icon Janayugom Online

കയാക്ക് സ്ലാലോമിന്റെ ദേശീയ ഒളിമ്പിക്സ് സെലെക്ഷൻ മലബാർ റിവർ ഫെസ്റ്റിൽ നടക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഒളിമ്പിക്സ് മത്സര വിഭാഗമായ കയാക്ക് സ്ലാലോമിന്റെ ദേശീയ സെലെക്ഷനും റാങ്കിങ്ങും മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ മലബാർ റിവർ ഫെസ്റ്റ് ജൂലായ് 24 മുതൽ 27 വരെയാണ് സംഘടിപ്പിക്കുന്നത്. തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മത്സരം നടക്കുക. ചടങ്ങിൽ 2024 മലബാർ റിവർ ഫെസ്റ്റിലെ മാധ്യമ പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.

സാഹസിക കായിക വിനോദങ്ങൾക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. മലബാർ റിവർ ഫെസ്റ്റുപോലുള്ള പരിപാടികൾ സംഘടിപ്പിച്ച് കേരളത്തെ സാഹസിക കായിക വിനോദങ്ങളുടെ ആസ്ഥാനമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ജലസാഹസിക ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ മലബാർ റിവർ ഫെസ്റ്റിവലിനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഡിടിപിസിയും ചേർന്ന് ഇന്ത്യൻ കയാകിംഗ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കയാക്കിംഗ് മത്സരങ്ങളിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്താൻ തുഴച്ചിൽകാർക്കുള്ള പ്രത്യേക വിഭാഗം മത്സരങ്ങൾ സംഘടിപ്പിക്കും. 20‑ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയക്കാർമാരെയും നൂറിലധികം ദേശീയ കയാക്കർമാരും പങ്കെടുപ്പിക്കും. ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി വ്യത്യസ്ത സാഹസിക കായിക വിനോദങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version