Site iconSite icon Janayugom Online

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ 10 ആശുപത്രികള്‍ക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവും ലഭിച്ചു.
കൊല്ലം പട്ടാഴി വടക്കേക്കര കുടുംബാരോഗ്യ കേന്ദ്രം 94.52 ശതമാനം, പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം 96.88, ആലപ്പുഴ ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 95.78, കോട്ടയം തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രം 94.03, കോട്ടയം മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം 92.21, വയനാട് ചെതലയം കുടുംബാരോഗ്യ കേന്ദ്രം 93.57, കാസര്‍കോട് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം 86.68, കാസര്‍കോട് പടന്ന കുടുംബാരോഗ്യ കേന്ദ്രം 95.58, പാലക്കാട് വെണ്ണക്കര നഗര കുടുംബാരോഗ്യ കേന്ദ്രം 91.99, പാലക്കാട് ദൈറ സ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രം 93.39 ശതമാനം എന്നീ സ്കോറുകളോടെയാണ് എൻക്യുഎഎസ് നേടിയത്. 

ആലപ്പുഴ പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം 99.15 ശതമാനം സ്കോറോടെയും കാസര്‍കോട് വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം 95.73 ശതമാനം സ്കോറോടെയും പുനഃഅംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ 212 ആശുപത്രികള്‍ എൻക്യുഎഎസ് അംഗീകാരവും അതില്‍ 87 ആശുപത്രികള്‍ പുനഃഅംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, അഞ്ച് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 43 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 144 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എൻക്യുഎഎസ് അംഗീകാരം നേടി. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന എഫ്എച്ച്സി/യൂപിഎച്ച്സികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുതുതായി ഇത്രയും സ്ഥാപനങ്ങള്‍ക്ക് എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്നത്.

Exit mobile version