Site iconSite icon Janayugom Online

വിവാദ ലേബര്‍ കോഡിനെതിരെ മേയ് 20ന് ദേശീയ പണിമുടക്ക്

മോഡി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നാല് തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ റദ്ദാക്കണമെന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഭരണത്തില്‍ എത്തിയശേഷം നാളിതുവരെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കാത്ത മോഡി സര്‍ക്കാര്‍ നടപടി തൊഴിലാളി വഞ്ചനയാണെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. തൊഴില്‍ നിയമം പരിഷ്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി മേയ് 20ന് പൊതുപണിമുടക്ക് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

കോര്‍പറേറ്റ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളാണ് സ്വീകരിക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് രാജ്യത്തിന്റെ വിഭവം കൊള്ളയടിക്കാനുള്ള വഴികളാണ് മോഡി നടപ്പിലാക്കുന്നത്.
പാര്‍ശ്വവല്‍ക്കൃത, അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയി. സാമ്പത്തിക അസമത്വം, തൊഴില്‍ ചൂഷണം, ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തിന്റെ നിഷേധം, കര്‍ഷക — തൊഴിലാളി വിരുദ്ധ നയം എന്നിവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. 

പ്യാരേ ലാല്‍ ഭവനില്‍ നടന്ന കേന്ദ്ര തൊഴിലാളി സംഘടനാ കണ്‍വെന്‍ഷനില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍, അശോക് സിങ് (ഐഎന്‍ടിയുസി), ഹര്‍ഭജന്‍ സിങ് (എച്ച്എംഎസ്), തപന്‍ സെന്‍ (സിഐടിയു), ഹര്‍ഷ് ത്യാഗി (എഐയുടിയുസി), കെ ഇന്ദു പ്രകാശ് മേനോന്‍ (ടിയുസി), ലതബെന്‍ (സേവ), രാജീവ് ഡിമ്രി (എഐസിസിടിയു), ജവഹര്‍ പ്രസാദ് (എല്‍പിഎഫ്), അശോക് ഘോഷ് (യുടിയുസി) എന്നിവര്‍ സംസാരിച്ചു. 

Exit mobile version