സംസ്ഥാനതലങ്ങളിൽ നടന്നിരുന്ന ക്രമക്കേടുകൾ തടയുന്നതിനുള്ള ഫലപ്രദമായ സംവിധാനമെന്ന് വിശദീകരിച്ചാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ദേശീയ സ്വഭാവമുള്ള പ്രവേശന പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുന്നതിന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)ക്ക് രൂപം നൽകുന്നത്. പ്രസ്തുത പരീക്ഷാസംവിധാനം, ക്രമക്കേടുകളിലൂടെ അനധികൃതമായി പ്രവേശനം നല്‍കുകയും അയോഗ്യരെ നിയമിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമായി മാറിയെന്നും വൻ വൈപുല്യമുള്ള മാഫിയാ സംഘം രൂപപ്പെട്ടിരിക്കുന്നുവെന്നുമാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. ജൂൺ മാസം പിറന്നതിനുശേഷം എൻടിഎ നടത്തിയ അഞ്ചോളം പരീക്ഷകളാണ് വിവാദത്തിന്റെ നിഴലിലായിരിക്കുന്നത്. ഈ വർഷം നടത്തിയ പ്രധാന പരീക്ഷകളെല്ലാം ചോദ്യക്കടലാസ് ചോർച്ചയുടെ നിഴലിൽ നിൽക്കുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ചിലതു മാത്രമാണെന്നാണ് അനുമാനിക്കേണ്ടത്.
നീറ്റ്-യുജി പരീക്ഷയിലാണ് ഗുരുതരമായ ക്രമക്കേടുകൾ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നാലെ യുജിസി-നെറ്റ് പരീക്ഷയും ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് റദ്ദാക്കി. ഇതേകാരണത്താൽ പിന്നീട് സിഐഎസ്ആർ‑നെറ്റ്, നീറ്റ് പിജി പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് പരീക്ഷാർത്ഥികളുടെ ഭാവി സമ്മർദത്തിലും തുലാസിലുമാക്കിയിട്ടും നീറ്റ്-യുജി പരീക്ഷ റദ്ദാക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. പരമോന്നത കോടതിയുടെ ഇടപെടലിനെ തുടർന്ന് ഗ്രേസ് മാർക്കുകൾ കുറയ്ക്കുക, സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, എൻടിഎ മേധാവിയെ മാറ്റുക തുടങ്ങിയ നടപടികൾ മാത്രമാണ് ഉണ്ടായിരിക്കുന്നത്. നീറ്റ്-യുജിയിൽ ക്രമക്കേടും യുജിസി-നെറ്റ് പരീക്ഷയിൽ ചോദ്യക്കടലാസ് ചോർച്ചയും ഭംഗ്യന്തരേണ സമ്മതിച്ച കേന്ദ്ര സർക്കാർ ഈ വിഷയത്തെയും രാഷ്ട്രീയ വിഷയമാക്കുന്നതിനാണ് ശ്രമിക്കുന്നത്. ബിഹാറിലെ പ്രതിപക്ഷമായ ആർജെഡിയുടെ നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന നേതാക്കളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആ ദിശയ്ക്ക് കൊണ്ടുപോകുന്നതിനാണ് നീക്കം നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിച്ചും കൈപ്പിടിയിലാക്കിയും തകർക്കാൻ നടത്തിയ ശ്രമങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതിന് പിറകേ ഉന്നതപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും തകർക്കുന്നതിനുള്ള സമീപനമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മ വൻ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പ്രവേശന പരീക്ഷകളിൽ നടക്കുന്ന അനധികൃത രീതികൾ വ്യക്തമാക്കുന്നത്. അവസരങ്ങളുടെ കുറവും ആവശ്യക്കാരുടെ കൂടുതലുമാണ് കുറ്റവാളികൾക്ക് എളുപ്പത്തിൽ ഇരകളെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുന്നത്. കൂടാതെ തങ്ങളുടെ മക്കളെ ഏതുവിധേനയും ഉന്നതതലങ്ങളിലെത്തിക്കുകയെന്ന രക്ഷാകർതൃബോധവും ഇത്തരം കുറ്റകൃത്യങ്ങൾക്ക് വളമാകുന്നു. പരീക്ഷാർത്ഥികളും രക്ഷിതാക്കളും ഇടനിലക്കാരും മാത്രമല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നതായി വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ ജലശക്തി വകുപ്പിലെ ജൂനിയർ എന്‍ജിനീയർമാർക്കുള്ള (സിവിൽ) എഴുത്തുപരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് 15 പ്രതികൾക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെയും (മുൻ ജമ്മു കശ്മീർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഒരു മുൻ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ, ഒരു മുൻ സൈനിക ശിപായി) പ്രതി ചേർത്തിട്ടുണ്ട്. ജൂനിയർ ക്ലർക്കുകൾക്കും ടൈപ്പിസ്റ്റുകൾക്കുമായി 2021ൽ പടിഞ്ഞാറന്‍ റയിൽവേ നടത്തിയ മത്സര പരീക്ഷയുടെ പരീക്ഷപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അന്ധേരി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് വ്യക്തികൾക്കെതിരെ കേസെടുത്തിരുന്നു. ജനറൽ ഗ്രാജ്വേറ്റ് യോഗ്യതയ്ക്കുള്ള സംയുക്ത മത്സരത്തിന്റെ ചോദ്യപ്പേപ്പർ ചോർന്നതിന് അറസ്റ്റിലായ 14 പേരിൽ ഝാർഖണ്ഡ് അസംബ്ലി അണ്ടർ സെക്രട്ടറി മുഹമ്മദ് ഷമീമും അദ്ദേഹത്തിന്റെ രണ്ട് മക്കളും ഉൾപ്പെടുന്നു. പ്രസ്തുത പരീക്ഷ റദ്ദാക്കേണ്ടി വന്നു. മാഫിയയുടെ കണ്ണികൾ എവിടെയെല്ലാം വ്യാപിച്ചുകിടക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണിവ.
ഈ പാശ്ചാത്തലത്തിലാണ് കർശന വ്യവസ്ഥകളുള്ള നിയമത്തിന് രൂപം നൽകിയതെങ്കിലും അത് വിജ്ഞാപനം ചെയ്യുന്നതിൽ കാലതാമസം വരുത്തി സംഘടിത കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. 2024 ഫെബ്രുവരി അഞ്ചിനാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ, 2024 അവതരിപ്പിച്ചത്. ഫെബ്രുവരി ഒമ്പതിന് പാർലമെന്റ് ഇത് പാസാക്കി, ഫെബ്രുവരി 12ന് പ്രസിഡന്റ് ദ്രൗപദി മുർമു ബില്ലിന് അംഗീകാരം നൽകിയതായി സർക്കാർ അറിയിക്കുകയും ചെയ്തു. എന്നാൽ വിജ്ഞാപനമിറക്കുന്നതിനുള്ള നടപടികളുണ്ടായില്ല. ഇപ്പോള്‍ ഗുരുതരമായ പരീക്ഷാത്തട്ടിപ്പ് പുറത്തുവന്ന ഘട്ടത്തിൽ മാത്രമാണ് ധൃതിപിടിച്ച് പൊതുപരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ വിജ്ഞാപനം ചെയ്യുന്ന നടപടിയുണ്ടായിരിക്കുന്നത്. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ നിരവധി സംസ്ഥാനങ്ങൾ അതത് മേഖലകളിൽ പൊതുപരീക്ഷകളിൽ വഞ്ചനാപരമായ സമീപനങ്ങൾ തടയുന്നതിനുള്ള നിയമം പാസാക്കിയിട്ടുണ്ട്.
‘ചോദ്യക്കടലാസിന്റെയോ ഉത്തരസൂചികയുടെയോ ചോർച്ച, ഉദ്യോഗാർത്ഥിയെ നേരിട്ടോ അല്ലാതെയോ സഹായിക്കുക, കമ്പ്യൂട്ടർ ശൃംഖലയിൽ കൃത്രിമം കാണിക്കൽ’ എന്നിങ്ങനെയുള്ള അന്യായമായ രീതികൾ പരിശോധിക്കുകയും അവ ജാമ്യം ലഭിക്കാത്തതും ശിക്ഷാര്‍ഹവുമായ കുറ്റമായി കണക്കാക്കുകയുമാണ് കേന്ദ്ര നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, ആർആർബികൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ, കേന്ദ്ര മന്ത്രാലയങ്ങൾ അല്ലെങ്കിൽ വകുപ്പുകൾ, അനുബന്ധ ഓഫിസുകൾ, എൻടിഎ, കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും അതോറിട്ടി എന്നിവ നടത്തുന്ന എല്ലാ പരീക്ഷകളും നിയമത്തിന്റെ പരിധിയിൽ വരും. കുറഞ്ഞത് മൂന്ന് വർഷം തടവും ഒരു കോടി രൂപ വരെ പിഴയും അടങ്ങുന്ന കഠിനമായ ശിക്ഷയ്ക്കും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നിട്ടും വിജ്ഞാപനത്തിന് വൻക്രമക്കേടുകൾ സംഭവിക്കുന്നതുവരെ കാത്തിരുന്നതിന് ഒരു ന്യായീകരണവുമില്ല.
ഈ ഇടവേളയിൽ ആകാവുന്നത്ര ക്രമക്കേടുകൾ നടത്തിയുള്ള കുംഭകോണങ്ങൾ നടക്കട്ടെ എന്ന കണ്ണടയ്ക്കൽ ശ്രമം തന്നെയാണ് ഇതിന് പിന്നിലെന്നതുറപ്പാണ്. അതുകൊണ്ട് സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഫലപ്രദമായിരിക്കില്ല. ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള വിദഗ്ധ സമിതിയും പര്യാപ്തമായിരിക്കില്ല. ജുഡീഷ്യറിയുടെ മേൽനോട്ടത്തിലുള്ള സമഗ്രമായ അന്വേഷണവും നടപടികളുമാണ് ഉണ്ടാകേണ്ടത്. അതോടൊപ്പം എൻടിഎ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉടച്ചുവാർക്കുന്നതിനുള്ള നടപടികളമുണ്ടാകണം.
(അവസാനിച്ചു)