ദേശീയ മഹിളാ ഫെഡറേഷൻ (എൻ
എഫ്ഐഡബ്ല്യു) ജനറൽ സെക്രട്ടറി ആനി രാജ, ദേശീയ സെക്രട്ടറി നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവരടങ്ങുന്ന സംഘം ജൂൺ 28 മുതൽ ജൂലൈ 1 വരെ മണിപ്പൂർ സന്ദർശിച്ചു.
സന്ദര്‍ശനത്തെ തുടര്‍ന്നുള്ള വിശകലനം ഒറ്റവാക്യത്തില്‍ ഇങ്ങനെ ചുരുക്കാം: “അക്രമങ്ങള്‍ക്കുള്ള കാര്‍മ്മികത്വം നിര്‍വഹിച്ചത് ഭരണകൂടം”. ” ഭരണകൂടം അതിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങൾ നിര്‍ബാധം തുടരുകയാണ്”. അക്രമി സംഘങ്ങളെയും നേതൃത്വം നല്‍കുന്നവരെയും നിരായുധരാക്കുകയും സമാധാനം പുനഃസ്ഥാപിക്കുയും വേണം. സമാധാന വീണ്ടെടുപ്പിന് മുഖ്യമന്ത്രി എൻ ബിരേൻസിങ് സ്ഥാനം ഒഴിയണം, ദേശീയ മഹിളാ ഫെഡറേഷൻ സന്ദര്‍ശക സംഘം ആവശ്യപ്പെട്ടു.
“ഭരണഘടനാ സ്ഥാപനങ്ങളുടെ ആഴത്തിലുള്ള തകർച്ച, ജീവിതം നിഷേധിക്കുന്ന വര്‍ത്തമാന സാഹചര്യം, ജനകീയ പ്രശ്നങ്ങളോടും നേരിടുന്ന പ്രതിസന്ധിയോടുമുള്ള ഭരണകൂടത്തിന്റെ സമ്പൂർണ നിസംഗത” എന്നിവയെ തുടർന്നാണ് മണിപ്പൂര്‍ സന്ദർശനം ആസൂത്രണം ചെയ്തതെന്ന് മഹിളാ ഫെഡറേഷൻ നേതൃത്വം വ്യക്തമാക്കി. ആക്രമണത്തിന്റെ വന്യതയില്‍ മണിപ്പൂരില്‍ നിന്ന് ന്യൂഡൽഹിയിലേക്ക് പലായനം ചെയ്ത കുക്കി, മെയ്തി സ്ത്രീകളുമായി മഹിളാസംഘം ഭാരവാഹികള്‍ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. “ജന്മനാട്ടില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾ സംഭവങ്ങളുടെ അതീവ ഗൗരവം ബോധ്യപ്പെടുത്തി. സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും വീണ്ടെടുക്കണം. പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സമാധാന ജീവിത ഇടങ്ങളുയരണം. ജനാധിപത്യപരമായ ഇത്തരം ഇടപെടലിന് പരിശ്രമിക്കേണ്ടതിന്റെ അനിവാര്യത മഹിളാസംഘം തിരിച്ചറിഞ്ഞു. ”
ഇതുകൂടി വായിക്കു; ജനസംഖ്യാ കണക്കെടുപ്പ് : കേന്ദ്രത്തിന് എന്താണിത്ര ഭയം?
സംഘം ജൂൺ 28‑ന് ഇംഫാൽ ഈസ്റ്റിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും മൊയ്റാംഗിലെ (ബിഷ്ണുപൂർ ജില്ല) രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും സംഘം സന്ദര്‍ശിച്ചു. ജൂൺ 29 ന് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. അന്ന് വൈകുന്നേരം ഐഎംഎ മാർക്കറ്റ് സന്ദർശിച്ച് മണിപ്പൂരിലെ ശ്രദ്ധേയ സ്ത്രീ സാമൂഹിക പ്രസ്ഥാനമായ മീരാ പൈബി ( സ്ത്രീ ടോർച്ച് വാഹകർ) ഭാരവാഹികളുമായി സംസാരിച്ചു. ജൂൺ 30 ന് സംഘം ചുരാചന്ദ്പൂർ ജില്ല സന്ദർശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ മെയ്തി യുവാക്കള്‍ ക്രൂരമായി ആക്രമിച്ച രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ പരിക്കേറ്റ നിരവധി പേരെ നേരില്‍ കണ്ടു. ചുരാചന്ദ്പൂർ ജില്ലാകളക്ടര്‍, ബിഷ്ണുപൂർ അസിസ്റ്റന്റ് കളക്ടർ എന്നിവരെയും നേരില്‍ കണ്ടു ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടുകയും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ അവസാന ദിവസം ഇംഫാൽ പടിഞ്ഞാറന്‍ മേഖലയിലെ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ സെന്ററും കാത്തലിക് ബിഷപ്പ് ഹൗസും സംഘം സന്ദർശിച്ചു.
“മണിപ്പൂരിൽ ഇപ്പോൾ നടക്കുന്നത് വർഗീയ കലാപമല്ല . രണ്ട് സമുദായങ്ങൾ തമ്മിലുള്ള കേവല പോരാട്ടവുമല്ല. ” അക്രമത്തിൽ “ഭൂമി, വിഭവങ്ങൾ, മതഭ്രാന്തന്മാരുടെയും തീവ്രവാദികളുടെയും സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള അനവധി ചോദ്യങ്ങൾ ഉൾപ്പെടുന്നു. അക്രമങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന കോർപ്പറേറ്റ് അനുകൂല അജണ്ട തങ്ങളുടെ ഇച്ഛ യാഥാർത്ഥ്യമാക്കാനുള്ള തന്ത്രങ്ങൾ സർക്കാർ സഹായത്തോടെ കൗശലത്തോടെ നടപ്പാക്കുകയായിരുന്നു, മഹിളാസംഘം വിലയിരുത്തുന്നു. “കൃത്യമായ പദ്ധതിയില്‍ അവിശ്വാസത്തിന്റെയും ഉത്കണ്ഠയുടെയും വ്യക്തമായ പശ്ചാത്തലം രണ്ട് സമുദായങ്ങൾക്കിടയില്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കുന്ന ഭരണകൂടത്തിന് സാധ്യമായി. ഫലമോ ആഭ്യന്തരയുദ്ധത്തിന് അനുകൂല സാഹചര്യം ഉടലെടുത്തു. കഴിഞ്ഞ മാർച്ചിലും ഏപ്രിലിലും നടന്ന “പല സംഭവങ്ങളും” അക്രമാസക്തമായ വര്‍ത്തമാന ഏറ്റുമുട്ടലുകളിലേക്കുള്ള തയ്യാറെടുപ്പിനെ സൂചിപ്പിക്കുന്നു.
എന്നാൽ സർക്കാർ ഇത്തരം വസ്തുതകള്‍ അവഗണിക്കുകയും വന്യമായ ആക്രമണങ്ങള്‍ക്ക് വഴിതെളിക്കുകയും കാഴ്ചക്കാരാകുകയും ചെയ്തു.
മണിപ്പൂരിന്റെ സാമൂഹിക‑രാഷ്ട്രീയ ചരിത്രം ദേശീയ മഹിളാ ഫെഡറേഷന്‍ (എൻ
എഫ്ഐഡബ്ല്യു) വിശാലമായ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായി വിശദീകരിക്കുന്നുമുണ്ട്: “സമുദായം തട്ടുതട്ടായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. മെയ്കൾ സ്വയം പ്രബലരും കുക്കികളെ ‘അപരിഷ്കൃതർ’ ആയും കണക്കാക്കുന്നു.
ഇതുകൂടി വായിക്കു;നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കിയ നടപടി
ഭരണഘടനാ സംരക്ഷണങ്ങള്‍ മികച്ച വിദ്യാഭ്യാസം നേടുന്നതിനും അതിലൂടെ സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനും കുക്കികൾക്ക് കഴിഞ്ഞു. കുക്കി കമ്മ്യൂണിറ്റിയുടെ ഇത്തരം മുന്നേറ്റം ഭൂരിഭാഗം മെയ്തി സമൂഹത്തിൽ അസൂയയും അതൃപ്തിയും സൃഷ്ടിച്ചു”. മണിപ്പൂരിലെ ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം, “സർക്കാരാകട്ടെ രണ്ട് പ്രധാന സമുദായങ്ങൾക്കിടയില്‍ അസൂയയും രോഷവും വളര്‍ത്തുകയും മുറിവുകള്‍ നിത്യവ്രണങ്ങളായി നിലനിര്‍ത്തുകയുമായിരുന്നു”.
പുതിയ ചെക്കോണിൽ കയ്യേറ്റ ഭൂമിയിലാണ് നിര്‍മ്മാണം എന്ന് ആരോപിച്ച് സർക്കാർ മൂന്ന് പള്ളികൾ തകർത്തു. വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പേരിൽ കാങ്പോക്കി, തെങ്കുപാൽ പ്രദേശങ്ങളിൽ നിന്ന് കുക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിച്ച് അവരുടെ വീടുകൾ കൂട്ടത്തോടെ തകർത്തു. മെയ്തികൾക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഭരണകൂടം തുനിഞ്ഞിറങ്ങി. ഇത്തരം സംഭവങ്ങൾക്കെതിരെ മണിപ്പൂർ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മേയ് 3 ന് ചുരാചന്ദ്പൂർ ജില്ലയിൽ സമാധാന റാലി നടത്തിയപ്പോൾ ഒരു ഭാഗത്ത് അക്രമം ആരംഭിച്ചു.
“സമാധാന മാർച്ചിനോട് മെയ്തികൾ അസ്ഹിഷ്ണുത പുലര്‍ത്തി, കുക്കികൾ ആരോപിച്ചു. അവർ ഇന്തോ-കുക്കി യുദ്ധ സ്മാരകം കത്തിക്കാൻ ശ്രമിച്ചു. മെയ്തികൾ ചുരാചന്ദ്പൂരിൽ ധാരാളമായി വന്ന് മെയ്തികളുടെയും കുക്കികളുടെയും വീടുകൾ മുൻകൂട്ടി അടയാളപ്പെടുത്തി. സ്മാരകം തകർക്കാൻ ശ്രമിച്ചുവെന്ന് ഇരു സമുദായങ്ങളും പരസ്പരം ആരോപിച്ചു.
“സമരക്കാരും മതഭ്രാന്തന്മാരും അക്രമികളും തമ്മില്‍ അപകടകരമായ ഏറ്റുമുട്ടലിന്റെ സാഹചര്യം ഉടലെടുത്തു”. “മേയ് 3,4 തീയതികളിൽ നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ഒട്ടേറെ വീടുകള്‍ കത്തിനശിച്ചു. അക്രമം നിയന്ത്രിക്കുന്നതിൽ സംസ്ഥാന പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സേന താല്‍പര്യം കാട്ടിയതുമില്ല. സംസ്ഥാനം കത്തിയാളിക്കൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രി വൈസ് പ്രസിഡന്റിന് ആതിഥേയത്വം വഹിക്കുന്നതിനും ചിത്രങ്ങൾ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള തിരക്കിലായിരുന്നു. സാഹചര്യം തെറ്റായി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ ഇരു സമുദായങ്ങളും അസ്വസ്ഥരാണ്. ദുരിതാശ്വാസ ക്യാമ്പുകളാകട്ടെ, “ പ്രവർത്തിക്കുന്നത് ഉദാരമതികളുടെ പരിശ്രമത്തിലും” കുടിയിറക്കപ്പെട്ടവരുടെയും ഇരകളാക്കപ്പെട്ടവരുടെയും ക്ഷേമത്തിൽ സംസ്ഥാന സർക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പ്രതിഫലിപ്പിക്കുന്നത്. ഇത് അക്രമത്തിന് ഇരയായവരുടെ അന്തസിനോടുള്ള അനാദരവാണ്.” ക്യാമ്പുകളിലുള്ളവരിൽ ഭൂരിഭാഗവും ദിവസക്കൂലിക്കാരും സാധാരണക്കാരുമാണ്. “കുട്ടികളും യുവാക്കളും അവരുടെ പഠനം തുടരാനോ തൊഴിലെടുക്കാനോ കഴിയാത്ത അനിശ്ചിതാവസ്ഥയില്‍ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.” സംസ്ഥാന സർക്കാർ ആവര്‍ത്തിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് ഇവര്‍ അറിയുന്നുമില്ല. “നഷ്ടപരിഹാരം നിഷേധിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ പൊള്ളത്തരവും ഇതിനിടെ വെളിച്ചത്തു വന്നു.”
ഒരു മാസം മുതൽ 80 വയസ് വരെ യുള്ളവരും നിരവധി ഗർഭിണികളും ക്യാമ്പിലുണ്ട്. “വിവിധ ആരോഗ്യ അവസ്ഥകളുള്ള ആളുകൾ ശരിയായ വൈദ്യസഹായം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്,” . “കൂടാതെ, സർക്കാർ നൽകുന്ന ഭക്ഷണം അപര്യാപ്തമാണ്, പ്രത്യേകിച്ച് ശിശുക്കൾക്കും പ്രായമായവർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും. ശുദ്ധജലം, ശുചിത്വം, സാനിറ്ററി പാഡുകൾ എന്നിവയുടെ വലിയ ക്ഷാമവുമുണ്ട്. പ്രതിസന്ധികൾക്കിടയിലും, സംസ്ഥാന സർക്കാരും അതിന്റെ സംവിധാനങ്ങളും “നിർജീവമാണ്”. “യൂണിയൻ ഗവൺമെന്റിന്റെ ക്രിമിനൽ നിസംഗത നിലവിലുള്ള ഭയാനകമായ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും ചിലരെ മാത്രം സംരക്ഷിച്ചുള്ള പ്രവർത്തനങ്ങളും അക്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണ പകരുന്നു.
“സർക്കാരുകളും വിവിധ സുരക്ഷാ സേനകളും സംശയാസ്പദമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അപരന്റെ സുരക്ഷയും തന്റെ സുരക്ഷിതത്വവും ജനങ്ങളുടെ മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. അക്രമാസക്തമായ അതിർത്തിയിലുള്ള ഗ്രൂപ്പുകൾക്കെതിരെ അതീവ ജാഗ്രതയിലാണവര്‍.
സുപ്രീം കോടതി നിരീക്ഷണത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് നീതിന്യായ നടപടികള്‍ ഉറപ്പാക്കുക, എഫ്‌ഐആറുകളുടെ രജിസ്‌ട്രേഷൻ സമയബന്ധിതമാക്കുക, നഷ്ടപരിഹാര ക്ലെയിംസ് കമ്മിഷൻ രൂപീകരിക്കുക തുടങ്ങിയ നടപടികള്‍ ദേശീയ വനിതാ ഫെഡറേഷന്‍ ആവശ്യപ്പെടുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികൾ അടിയന്തിരമായി മെച്ചപ്പെടുത്തണം. അർത്ഥവത്തായ പുനരധിവാസവും വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉണ്ടാകണം. ഉപരിയായി ഇരുവശത്തും ഒരേ സുരക്ഷാ സേനകളുള്ള ബഫർ സോൺ രൂപീകരിക്കണം. മുഖ്യമന്ത്രി രാജിവച്ച് വേണം എല്ലാ ഭാവി നടപടികളും സ്വീകരിക്കേണ്ടതെന്നും സംഘടന ആവശ്യപ്പെടുന്നു.