Site iconSite icon Janayugom Online

ആണവ ബില്ലിനെതിരെ കേന്ദ്ര തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം 23ന്

കേന്ദ്രസര്‍ക്കാരിന്റെ ആണവ ബില്ലിനെതിരെ (ശാന്തി ബില്‍) ഈ മാസം 23ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനീയേഴ‍്സ് (എന്‍സിസിഒഇഇഇ) തീരുമാനിച്ചു. കേന്ദ്ര തൊഴിലാളി സംഘടനകളുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും സംയുക്തവേദിയാണ് എന്‍സിസിഒഇഇഇ.
രാജ്യത്ത് നിലവിലുള്ള ആണവ സുരക്ഷയും ഉത്തരവാദിത്ത ചട്ടക്കൂടും പൊളിച്ചുമാറ്റുകയും ഊര്‍ജമേഖലയെ സ്വകാര്യ, വിദേശ പങ്കാളിത്തത്തിന് തുറന്നുകൊടുക്കുകയും ചെയ്യുന്നതാണ് പുതിയ ബില്‍. അതിനാല്‍ 23ന് എല്ലാ തൊഴിലിടങ്ങളിലും ഗ്രാമങ്ങളിലും പ്രകടനം നടത്താനും ആഹ്വാനം ചെയ്തു. വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനും 2025ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിനുമെതിരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യമെമ്പാടും കണ്‍വെന്‍ഷനുകളും റാലികളും സംഘടിപ്പിക്കും. 

ആണവ നിയന്ത്രണ അതോറിട്ടി രൂപീകരിക്കുക, പരിസ്ഥിതി, തൊഴില്‍ സംരക്ഷണം ശക്തിപ്പെടുത്തുക, വിദേശ ഇടപെടലുകളിലും ആണവ പ്രവര്‍ത്തനങ്ങളുടെ തന്ത്രപരമായ മേഖലകളിലും പാര്‍ലമെന്ററി നിയന്ത്രണം ഉള്‍പ്പെടെ കര്‍ശന ബാധ്യതാ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 2025ലെ വൈദ്യുതി (ഭേദഗതി) ബില്ലിന്റെ കരട് ഉടന്‍ പിൻവലിക്കണം, ആണവോർജ നിയമത്തിലെയും സിവിൽ ബാധ്യതാ ആണവ നാശനഷ്ട നിയമത്തിലെയും നിർദിഷ്ട ഭേദഗതികൾ പിൻവലിക്കണം, പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് നിർത്തലാക്കണം, ചണ്ഡീഗഢ്, ഡൽഹി, ഒഡിഷ എന്നിവിടങ്ങളിൽ ഉല്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയിൽ നിലവിലുള്ള എല്ലാ സ്വകാര്യവൽക്കരണവും ഫ്രാഞ്ചൈസി മോഡലുകളും പിൻവലിക്കണം, ഉത്തർപ്രദേശിൽ പിവിവിഎൻഎല്ലിന്റെയും ഡിവിവിഎൻഎല്ലിന്റെയും സ്വകാര്യവൽക്കരണ ശ്രമങ്ങൾ ഉടനടി അവസാനിപ്പിക്കണം, ക്രോസ്-സബ്സിഡി, സാർവത്രിക സേവന ബാധ്യത എന്നിവ നിലനിർത്തണം, കർഷകർക്കും മറ്റ് എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും വൈദ്യുതി അവകാശത്തിന്റെ സംരക്ഷണം നല്‍കണം, രാജ്യത്തുടനീളം വൈദ്യുതി നിരക്കുകൾ കുറയ്ക്കുന്നതിനുള്ള കൃത്യമായ നടപടികൾ ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചു. 

Exit mobile version