Site iconSite icon Janayugom Online

രാജ്യവ്യാപക പ്രതിഷേധം; ജാമ്യത്തിലിറങ്ങിയ കൂട്ടബലാത്സംഗ കേസ് പ്രതികള്‍ക്ക് സ്വീകരണം

കൂട്ടബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. സുഹൃത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ വനത്തിനുള്ളിലേക്ക് കടത്തിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന ഏഴ് പ്രതികളെയാണ് കഴിഞ്ഞ ദിവസം ജാമ്യം നല്‍കി വിട്ടയച്ചത്. ബൈക്ക്, കാര്‍ റാലിയ്ക്കൊപ്പം ഉച്ചഭാഷിണിയിലൂടെ സംഗീതം മുഴക്കിയാണ് പ്രതികള്‍ക്ക് സ്വീകരണം നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും വനിതാവകാശ സംഘടനകളും അമര്‍ഷം രേഖപ്പെടുത്തി. 

ഹാവേരിയിലെ അക്കി ആളൂര്‍ ടൗണിലായിരുന്നു ആഘോഷം. അഫ്താബ് ചന്ദനക്കട്ടി, മദാര്‍ സാബ്, സമിവുള്ള ലാലന്‍വാര്‍, മുഹമ്മദ് സാദിഖ്, ഷൊയ്ബ് മുല്ല, തൗസിപ് ഛോട്ടി, റിയാസ് സാവികേരി എന്നിവരാണ് പ്രതികള്‍. 2024 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഹാവേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട യുവതിയെയും യുവാവിനെയും പ്രതികള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. ഹോട്ടല്‍മുറിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സദാചാര ഗുണ്ടായിസത്തിനാണ് സംഭവത്തില്‍ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതോടെയാണ് ബലാത്സംഗ വിവരം പുറത്തറിഞ്ഞത്. ആകെ 19 പ്രതികളെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ 12 പ്രതികള്‍ 10 മാസം മുമ്പ് ജാമ്യത്തിലിറങ്ങി. ഇതിനുപിന്നാലെയാണ് ബാക്കി ഏഴ് പ്രതികള്‍ക്കും കേസില്‍ ജാമ്യം ലഭിച്ചത്.

Exit mobile version