മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജനങ്ങള്‍ ദേശവ്യാപക നിശബ്ദ സമരം നടത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിലാണ് രാജ്യം മുഴുവന്‍ സ്തംഭിപ്പിച്ചുകൊണ്ട് നിശബ്ദ സമരത്തിന് ജനങ്ങള്‍ ആഹ്വാനം ചെയ്തത്. ഏറെ മാസങ്ങള്‍ക്ക് ശേഷം പട്ടാളത്തിനെതിരെ വിജയകരമായി പൂര്‍ത്തിയാക്കിയ സമരത്തിനാണ് കഴിഞ്ഞ ദിവസം മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്.
ജനകീയ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള നേതാക്കന്മാരെ തടവിലാക്കി ഫെബ്രുവരി ഒന്നിനാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. പട്ടാളത്തിന്റെ നടപടിക്കെതിരെ നിരവധി പ്രതിഷേധസമരങ്ങള്‍ രാജ്യത്ത് അരങ്ങേറി. ആയിരത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണിവരെയാണ് സമരം പ്രഖ്യാപിച്ചത്. നഗരങ്ങളിലും സിറ്റികളിലുമുള്ളവര്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ട് ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട വഴികള്‍ ഉള്‍പ്പെടെ വിജനമായിരുന്നു. തിരക്കുള്ള നഗരമായ യാംഗൂണിലെ ആളൊഴിഞ്ഞ വഴികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സാധാരണ നിലയില്‍ തിരക്കനുഭവപ്പെടുന്ന മാര്‍ക്കറ്റുകളിലും മറ്റും സമരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ ഒഴിഞ്ഞിരുന്നു. ചില സ്ഥലങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധക്കാര്‍ നിശബ്ദമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു.
english summary; Nationwide ‘silent strike’ in Myanmar
you may also like this video;