തനിനാടൻ പശുക്കളുടെ ലഭ്യതക്കുറവ് മൂലം നാടൻ പശുപരിപാലനത്തിലേക്ക് ഇറങ്ങിയവർ പിന്തിരിയുന്നു. വംശശുദ്ധിയുള്ള പശുക്കളെ ലഭിക്കാത്തതാണ് നാടൻ പശുപരിപാലനത്തിൽ നിന്നും പിന്തിരിയാൻ ഇടയാക്കുന്നത്. കഴിഞ്ഞ 10 വർഷമായി നിരവധി കർഷകരാണ് നാടൻ പശുപരിപാലനത്തിലേക്ക് ഇറങ്ങിതിരിച്ചത്. വെച്ചൂർ, കാസർകോട് കുള്ളൻ, ചെറുവള്ളി, തിരുവല്വാമല, വടകര കുള്ളൻ, കൃഷ്ണ, കപില, സിന്ധ്യാ തുടങ്ങി നിരവധിയിനം നാടൻ പശുക്കളുണ്ട്. നാടൻ പശു പരിപാലനത്തിന്റെ ആദ്യഘട്ടത്തിൽ, വെച്ചൂർ പശുവിന് ഒരു ലക്ഷം രൂപ മുതലായിരുന്നു വില.
നാടൻ പശുക്കളുടെ പ്രത്യേകത വംശശുദ്ധിയാണ്. എന്നാൽ, നാടൻ പശു വളർത്തൽ വ്യാപകമായതോടെ, ഇവയുടെ ബീജത്തിൽ ലഭ്യതക്കുറവ് നേരിട്ടു തുടങ്ങി. കാളകളുടെ കുറവും നേരിട്ടതോടെ, കെഎൽഎം ബോർഡിൽ നിന്നാണ് നിലവിൽ ബീജം നൽകുന്നത്. ബ്രീഡ് ഏതാണെന്ന് പരിശോധിച്ചാണ് ബീജം നൽകുന്നത്. ഇത്തരത്തിൽ നൽകുന്ന ബീജം നാടൻ പശുക്കളിൽ കുത്തിവെച്ചുണ്ടാകുന്ന കിടാവുകൾക്ക് തനിനാടൻ പശുക്കളുടെ ഗുണം ലഭിക്കാതെ വന്നു തുടങ്ങി. ഇത്തരത്തിൽ, ഗുണനിലവാരം കുറഞ്ഞ പശുക്കളെയാണ് വിപണിയിലെത്തിക്കുന്നത്. ഇത് പശുക്കളുടെ വിലയിടുന്നതിനും ഇടയാക്കി. നിലവിൽ ഇരുപതിനായിരം രൂപയിൽ താഴെയാണ് നാടൻ പശുക്കളുടെ വില.
തനിനാടൻ പശുക്കളുടെ പ്രത്യേകത കാലാവസ്ഥയ്ക്ക് ഇണങ്ങിയതും ചെലവ് കുറഞ്ഞതുമായ പരിപാലനമാണെന്നതാണ്. രാജ്യത്ത് എല്ലായിടത്തും തനത് പശുക്കളുണ്ട്. ഇവയെ സംരക്ഷിക്കുന്നതിനായി, നിരവധി പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ടെങ്കിലും വംശശുദ്ധി നിലനിർത്തുന്നതിനുള്ള സംവിധാനമില്ല. അതിനാൽ, വരുംനാളുകളിൽ നാടൻ പശുക്കൾക്ക് വംശനാശം നേരിടേണ്ടി വരുന്ന സ്ഥിതിയാണ്.
നാടൻ പശുക്കളെ കർഷകർ വാങ്ങുന്നുണ്ടെങ്കിലും ഇത് ഒറിജിനലാണോ എന്നുളള സംശയവും ആളുകളിൽ ഉയരുന്നുണ്ട്. നാടൻ പശുക്കളിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള പാൽ ലഭിക്കുന്നത്. വിപണിയിൽ കൊഴുപ്പുള്ളതും എ ടു കാറ്റഗറിയിലുള്ള പാലിന് 100 രൂപയ്ക്ക് മുകളിലാണ് വില. ഇത് എല്ലാ സ്ഥലത്തും കൃത്യമായി വിപണനം ചെയ്യാൻ സാധിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു.
English Summary: Native cows are not available; Dairy farmers are in crisis
You may like this video also