Site iconSite icon Janayugom Online

ചെെനയെ വെല്ലുവിളിച്ച് നാറ്റോ

ലോകക്രമത്തിന് ചെെന സുരക്ഷാ ഭീഷണിയാണെന്ന ആരോപണവുമായി നാറ്റോ. സുരക്ഷാ ആശങ്കകളിൽ ആദ്യമായാണ് നാറ്റോ ചെെനയെ പരാമർശിക്കുന്നത്. ചെെന ഒരു എതിരാളിയല്ല, പക്ഷേ ഗുരുതരമായ വെല്ലുവിളിയാണെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. ചെെനയുടെ നയങ്ങൾ നാറ്റോയുടെ താല്പര്യങ്ങളെയും സുരക്ഷയേയും വെല്ലുവിളിക്കുന്നുവെന്ന് സഖ്യത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാട് എന്ന രൂപരേഖയില്‍ വ്യക്തമാക്കി. ചെെനയ്ക്കെതിരായ നിലപാട് കടുപ്പിക്കാനാണ് നാറ്റോയുടെ നീക്കം. റഷ്യയുമായുള്ള ചെെനയുടെ നയതന്ത്ര ബന്ധം ഭീഷണിയാണെന്നും നാറ്റോ പരസ്യ പ്രഖ്യാപനം നടത്തി. ഉക്രെയ്‍നിലെ സെെനിക നടപടി കണക്കിലെടുത്ത് തായ്‍വാനെതിരായ ചെെ­നീസ് നടപടികളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് നാറ്റോയുടെ വാദം. തായ്‍വാനെ ആയുധപരമായി സഹായിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് യുകെ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രമത്തിനു വിരുദ്ധമായി ചെെന ആണവശേഷി വിപുലീകരിക്കുകയാണെന്നാണ് നാറ്റോയുടെ പ്രധാന ആരോപണം.
പന്ത്രണ്ട് വർഷം മുമ്പുള്ള നാറ്റോയുടെ രൂപരേഖയില്‍ ചൈനയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. റഷ്യയെ തന്ത്രപരമായ പങ്കാളി എന്നുമായിരുന്നു രൂപരേഖയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കാലം മാറിയെന്നാണ് ജെൻസ് സ്റ്റോൾട്ടൻബർഗ് മാഡ്രിഡിൽ പറഞ്ഞത്. 

ഇന്തോ- പസഫിക് മേഖലയിലെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളെ മാഡ്രിഡ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ആദ്യമായി നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണും ചെെന- റഷ്യ ബന്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ചെെനയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് ജനാധിപത്യ രാജ്യങ്ങൾക്ക് അപകടമുണ്ടാക്കുമെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചത്. ചെെനീസ് വിഷയത്തിൽ കൂടുതൽ നയതന്ത്ര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ മുന്നോട്ടുവച്ചത്. ചൈനയും സോളമൻ ദ്വീപുകളും തമ്മിലുള്ള ഒരു സുരക്ഷാ ഉടമ്പടിയിൽ ഒപ്പുവച്ചതിന്റെ ഭാഗമായി, ദക്ഷിണ പസഫിക്കിൽ വർധിച്ചുവരുന്ന ചെെനീസ് സാന്നിധ്യം ന്യൂസിലൻഡിനെ അലോസരപ്പെടുത്തുന്നുണ്ട്.

എന്നാൽ നാറ്റോ വിലയിരുത്തലുകൾക്കും നീക്കങ്ങൾക്കുമെതിരെ രൂക്ഷ ഭാഷയിലാണ് ചെെന വിമർശിച്ചത്. ഒരു പുതിയ ശീതയുദ്ധം ആരംഭിക്കാനുള്ള ശ്രമം നാറ്റോ അവസാനിപ്പിക്കണമെന്ന് ചെെനീസ് വിദേശകാര്യ വക്താവ് ഷാവേ ലിജിയാൻ മുന്നറിയിപ്പ് നൽകി. ആഗോള സുരക്ഷയെ വെല്ലുവിളിക്കുകയും ലോകസമാധാനം തകർക്കുകയും ചെയ്യുന്നത് ആരാണ്? നാറ്റോ ഉൾപ്പെടാത്ത എന്തെങ്കിലും യുദ്ധങ്ങളോ സംഘർഷങ്ങളോ ഉണ്ടോയെന്നും ചെെന വിമർശനമുന്നയിച്ചു. ശീതയുദ്ധ ചിന്തയും പ്രത്യയശാസ്ത്രപരമായ പക്ഷപാതവും നിറഞ്ഞ നാറ്റോയുടെ തന്ത്രപരമായ ആശയം, ചൈനയെ ദുരുദ്ദേശത്തോടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ചൈനയുടെ താല്പര്യങ്ങളെ തുരങ്കം വയ്ക്കുന്ന പ്രവൃത്തികൾ വരുമ്പോൾ, ഉറച്ചതും ശക്തവുമായ പ്രതികരണങ്ങൾ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 

Eng­lish Summary:NATO chal­lenged China
You may also like this video

Exit mobile version