Site iconSite icon Janayugom Online

ഉക്രെയ‍്നിലെ നാറ്റോ ഇടപെടല്‍; മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പി‍ല്‍ വ്ലാദിമിര്‍ പുടിന് വിജയം. 87.8 ശതമാനം വോട്ടുകള്‍ നേടിയാണ് അഞ്ചാം തവണയും പുടിന്‍ അധികാരത്തിലെത്തുന്നത്.
ഇതോടെ ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ പ്രസിഡന്റായ നേതാവായി പുടിന്‍ മാറി. സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെയാണ് പുടിന്‍ മറികടന്നത്. റഷ്യന്‍ ഫെഡറേഷന്റെ രൂപീകരണത്തിനു ശേഷം രാജ്യത്ത് ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് പുടിന്‍ നേടിയത്. 2030 വരെ പുടിന്‍ പ്രസി‍ഡന്റായി തുടരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നികോളായ് ഖാരിറ്റനോവ് നാല് ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. 74. 22 ശതമാനമായിരുന്നു പോളിങ്. 

റഷ്യയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ ആരും ജയിച്ചിട്ടില്ലെന്നും ഭാവിയിലും അവര്‍ ജയിക്കില്ലെന്നും വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. ഉക്രെയ‍്ന്റെ മണ്ണില്‍ സൈ­ന്യത്തെ വിന്യസിക്കാനുള്ള നാറ്റോയുടെ പുതിയ നീക്കങ്ങളെക്കുറിച്ച് മോസ്കോയ്ക്ക് ധാരണയുണ്ടെന്നും പുടിന്‍ പറഞ്ഞു.
നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സെെനികര്‍ ഉക്രെയ‍്നിലുണ്ടെന്നത് രഹസ്യമല്ല. ആധുനിക ലോകത്ത് എന്തും സാധ്യമാണ്. എന്നാല്‍, ഇത് ഒരു പൂര്‍ണ തോതിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള ചുവട്‍വയ്പ് ആകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആര്‍ക്കും താല്പര്യമുണ്ടെന്ന് കരുതുന്നില്ലെന്നും പു­ടിന്‍ മുന്നറിയിപ്പ് നല്‍കി.

സംഘര്‍ഷം വര്‍ധിപ്പിക്കാനല്ല, മറിച്ച് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയാണ് ഫ്രാന്‍സ് ചെയ്യേണ്ടത് എന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ‍്നെ സഹായിക്കാന്‍ സൈന്യത്തെ അയയ്ക്കാനുള്ള സാധ്യത പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം. അതേസമയം, അലക്സി നവാൽനിയുടെ അനുകൂലികള്‍ തെരഞ്ഞെടുപ്പ് ദിവസം ‘നൂൺ എഗെയ്ൻസ്റ്റ് പുടിൻ’ എന്ന പേരില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. 

റഷ്യയിലെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. അലക്സി നവാൽനിയുടെ ഭാര്യ യുലിയ ബെർലിനിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. വിജയപ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനവുമായി പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം നീതിയുക്തവും സ്വതന്ത്രവുമല്ലെന്ന് യുഎസും യുകെയും കുറ്റപ്പെടുത്തി. റഷ്യയിലെ ഏകാധിപതി മറ്റൊരു തെരഞ്ഞെടുപ്പിനെ കപടമാക്കിയെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വിമര്‍ശിച്ചു.

Eng­lish Sum­ma­ry: NATO inter­ven­tion in Ukraine; Warn­ing of World War III
You may also like this video

YouTube video player
Exit mobile version