Site iconSite icon Janayugom Online

നാറ്റോ ഇടപെടല്‍ പ്രകോപനപരം; ആണവായുധ പരാമര്‍ശം ആവര്‍ത്തിച്ച് റഷ്യ

ഉക്രെയ്‍നിലെ സെെ­നിക നടപടി രണ്ട് മാസം പിന്നിടുമ്പോള്‍ ആണവായുധ പരാമര്‍ശം ആവര്‍ത്തിച്ച് റഷ്യ. ഉക്രെയ്‍ന്‍ മൂന്നാം ലോകമഹായുദ്ധത്തിനായി പ്രകോപിപ്പിക്കുകയാണെന്നും ആണവ യുദ്ധത്തിന്റെ ഭീഷണി വിലകുറച്ചകാണരുതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിര്‍ത്തിവയ്ക്കാന്‍ കാരണം ഉക്രെയ്‍നാണെന്നും സമാധാന കരാറിലെത്താതിരിക്കാൻ അമേരിക്കയും ബ്രിട്ടനും ഉക്രെയ്‍നു മേല്‍ സമ്മർദ്ദം ചെലുത്തുകയാണെന്നും ലാവ്റോവ് ആരേ­ാപിച്ചു. മൂന്നാം ലോകയുദ്ധം നടക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാരും പറയുന്നു. എന്നാല്‍ നാറ്റോയെ സംഘര്‍ഷത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് ഉക്രെയ്ന്‍ നേതാക്കള്‍ റഷ്യയെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്, ലാവ്റോവ് പറഞ്ഞു. 

ഉക്രെയ്‍ന് ആയുധം നല്‍കുന്നതിലൂടെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് നാറ്റോ അംഗങ്ങള്‍ ചെയ്യുന്നതെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു ഉക്രെയ്ൻ സെെനിക നടപടിക്ക് സമാനമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവിധം റഷ്യ ദുർബലമാകുന്നത് കാണാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ല്ലോയ്ഡ് ഓസ്റ്റിന്റെ പ്രസ്‍‍താവനയ്ക്ക് പിന്നാലെയാണ് ലാവ്റോവിന്റെ പ്രതികരണം.
അതിനിടെ, ജര്‍മ്മനിയിലെ റാംസ്റ്റെയ്‍ന്‍ എ­യര്‍ബേസില്‍ ഉ­ക്രെയ്‌നുമായി ബ­ന്ധപ്പെട്ട പ്രതിരോധ ചർച്ചകൾക്കായി യുഎസ് നേതൃത്വം നല്‍കിയ 40-ലധികം രാജ്യങ്ങളുടെ പ്ര­തിനിധി സ­മ്മേളനം നടന്നു. കിഴക്കൻ ഉ­ക്രെയ്‍നിലെ റ­ഷ്യയുടെ നിർണായകമായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രതിരോധ സെക്രട്ടറി ല്ലോയ്ഡ് ഓസ്റ്റിനാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

ഉക്രെയ്‍നുള്ള സെെ­നിക സഹായം വര്‍ധിപ്പിക്കുമെന്നും ഓസ്റ്റിന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഉക്രെയ്‍ന്‍ വിജയിക്കുന്നതു വരെ യുഎസ് അതിന്റെ ആകാശവും ഭൂമിയും ചലിപ്പിച്ചുകൊണ്ടിരിക്കുമെന്നാണ് ഓസ്റ്റിന്‍ സെെനിക സഹായത്തെ വിശേഷിപ്പിച്ചത്.
അതേസമയം, ഒറ്റ രാത്രികൊണ്ട് 500 ഉക്രെയ്‍ന്‍ സെെനികരെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു. ഉക്രെയ്‍നിലെ 87 സെെനിക കേന്ദ്രങ്ങള്‍ തര്‍ത്തതായും റഷ്യ അവകാശവാദമുന്നയിച്ചു. കര്‍കീവിലെ രണ്ട് ആയുധ ഡിപ്പോകള്‍ മിസെെലാക്രമണത്തിന് തകര്‍ത്തതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഉക്രെയ്‍ന്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിട്ടില്ല.
ട്രാൻസ്നിസ്ട്രിയയിലെ സർക്കാർ കെട്ടിടത്തിന് നേരെയുണ്ടായ ഷെല്ലാക്രമണം റഷ്യയുടെ ആസൂത്രിതമായ പ്രകോപനമാണെന്ന് ഉക്രെയ്‍ന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. 

Eng­lish Summary:NATO inter­ven­tion provoca­tive; Rus­sia repeat­ed­ly makes ref­er­ence to nuclear weapons
You may also like this video

Exit mobile version