Site icon Janayugom Online

അതിജീവനത്തിന്റെ പുതിയ പാഠം; ഗൃഹാങ്കണ നാടകവുമായി ‘നാട്ടുറവ’

നാടകത്തിന്റെ അതിജീവനം ലക്ഷ്യമാക്കി വാഴയൂരിലെ നാടക കലാകാരന്‍മാരുടെ കൂട്ടായ്മയായ നാട്ടുറവ ‘ഗൃഹാങ്കണ നാടക’വുമായി വീട്ടുമുറ്റങ്ങളിലേക്ക്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി കോവിഡ് പ്രതിസന്ധി കലാകാരന്‍മാരെയാകെ വേദികളില്‍നിന്നും അകറ്റുകയായിരുന്നു. നിറഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ട നാടകം കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ അകലം പാലിച്ച്, കാണികളുടെ എണ്ണം നിജപ്പെടുത്തി വീട്ടുമുറ്റങ്ങളിലെ ചെറുവേദികളില്‍ അവതരിപ്പിക്കുന്ന രീതിയാണ് ഗൃഹാങ്കണ നാടകം.

കോവിഡ് അതിജീവനം പ്രമേയമായ ‘ഞ്ഞിപ്പെം എന്താ ചെയ്യാ.. ?’ എന്ന നാടകമാണ് നാട്ടുറവ ഇത്തരത്തില്‍ ഗൃഹാങ്കണ വേദികളില്‍ അവതരിപ്പിച്ചുവരുന്നത്. സ്റ്റേജില്‍കളിക്കാവുന്ന രീതിയിലുള്ളതാണ് ഈ നാടകമെങ്കിലും പരമാവധി രണ്ട് പേര്‍ മാത്രമാണ് രംഗത്തുണ്ടാവുക. നാടകത്തില്‍ പ്രേക്ഷകരും കഥാപാത്രങ്ങളാവുമെന്ന സവിശേഷതയുമുണ്ട്. 30 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഒരു സീനില്‍ മാത്രമായി പരിമിതപ്പെടുത്തി കാലിക പ്രസക്തമായി അവതരിപ്പിക്കുകയാണ് നാടകം. ഒരു ഏരിയയിലെ ചെറിയ സദസ്സിന് മുന്നിലാണ് നാടകം അവതരിപ്പിക്കുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ നേരിട്ട് നാടകം അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി അഭിനേതാക്കള്‍ക്ക് നേടാനാവുന്നുണ്ട്. ഒപ്പം സോഷ്യല്‍ മീഡിയാ ഫ്‌ളാറ്റ്‌ഫോം വഴി തല്‍സമയം കൂടുതല്‍ പ്രേക്ഷകരിലേക്ക് നാടകം എത്തിക്കാനും ഈ രീതി കൊണ്ട് സാധിക്കും എന്നതാണിതിന്റെ മറ്റൊരു പ്രത്യേകതയെന്ന് നാടക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നാടകത്തിന്റെ അതിജീവനത്തിനുള്ള ശ്രമമായാണ് നാട്ടുറവയിലെ കലാകാരന്‍മാര്‍ ഈ രീതിയെ വ്യാഖ്യാനിക്കുന്നത്.

‘ഞ്ഞിപ്പെം എന്താ ചെയ്യാ…?’ എന്ന നാടകം ‘ബി ദ വാരിയര്‍’ കോവിഡ് പ്രതിരോധ കാമ്പയിന് മുന്‍തൂക്കം നല്‍കുന്നു. കോവിഡ് പ്രതിരോധം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാന്നെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയും ആരോഗ്യ വകുപ്പ് നല്‍കുന്ന ആധികാരിക സന്ദേശങ്ങള്‍ നല്‍കിയുമാണ് നാടകം ആരംഭിക്കുന്നത്.
കോവിഡ് മൂലമുള്ള നാടകമേഖലയുടെ നിശ്ചലാവസ്ഥയും പ്രതിസന്ധികളും നാടക മേഖലയില്‍ നിന്ന് ഉപജീവനത്തിന് മറ്റ് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നാടക കലാകാരന്‍മാരുടെ ശാരീരിക‑മാനസിക — സാമൂഹിക‑സാമ്പത്തിക പ്രയാസങ്ങളും നാടകം ചര്‍ച്ചചെയ്യുന്നു. നാടക കലാകാരന്‍മാര്‍ നേരിടുന്ന തൊഴില്‍ ലഭ്യതക്കുറവും അവരുടെ പ്രതീക്ഷകളും സമകാലീന വിഷയങ്ങളുമെല്ലാം ഒരു കുടുംബാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തീവ്രമായി അവതരിപ്പിക്കപ്പെടുകയാണ് ഈ നാടകത്തിലൂടെ.

മോഹന്‍ കാരാടാണ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നാടകത്തിലെ കഥാപാത്രങ്ങളായ ഭാര്യയായി ടി പി പ്രമീളയും ഭര്‍ത്താവായി ലീനിഷ് കക്കോവും വേഷമിടുന്നു. ജിമേഷ് കൃഷ്ണനാണ് നാടക രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വൈഷ്ണവി ദര്‍പ്പണ സംഗീതവും ശ്രീജിത്ത് കക്കോവ്, ജിഷി എന്നിവര്‍ സാങ്കേതികസഹായവും നല്‍കുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നാടകവേദി കടുത്ത വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് വീട്ടുമുറ്റ അരങ്ങുകളില്‍ ഈ നാടകത്തിലൂടെ ആവേശവും ഊര്‍ജ്ജവും പകര്‍ന്നു നല്‍കുകയാണ് നാട്ടുറവ.

Exit mobile version