Site iconSite icon Janayugom Online

ആന്‍ഡമാന്‍ കടലില്‍ പ്രകൃതിവാതക ശേഖരം

ആന്‍ഡമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീവിജയപുരത്തെ രണ്ടാമത്തെ പര്യവേഷണ കിണറില്‍ നിന്നാണ് ശേഖരം കണ്ടെത്തിയിരിക്കുന്നത് പ്രാഥമിക പരിശോധനയിൽ പ്രകൃതി വാതകത്തിന്റെ സാന്നിധ്യം വ്യക്തമായെന്നും ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു.
സമുദ്രത്തില്‍ 295 മീറ്റര്‍ ആഴത്തിലുള്ള ഈ കിണര്‍ 2,650 മീറ്റര്‍ ആഴത്തില്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കിയപ്പോഴാണ് പ്രതീക്ഷ പകരുന്ന സൂചനകള്‍ ലഭിച്ചത്. 2,212 മീറ്ററിനും 2,250 മീറ്ററിനും ഇടയിലുള്ള പ്രാരംഭ ഉല്പാദന പരിശോധനയില്‍ തന്നെ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇവിടെ ഇടയ്ക്കിടെയുള്ള ജ്വലനം ദൃശ്യമായി. തുടര്‍ന്ന് വാതക സാമ്പിളുകള്‍ കാക്കിനാഡയിലേക്ക് കൊണ്ടുവന്നു. അവിടെ പരിശോധനയില്‍ 87 ശതമാനം മീഥേന്‍ ഉണ്ടെന്ന് കണ്ടെത്തി. ഗ്യാസ് പൂളിന്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യപരമായ സാധ്യതയും വരും മാസങ്ങളില്‍ പരിശോധിക്കപ്പെടും. ആന്‍ഡമാന്‍ തടത്തിലെ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യം വലിയൊരു ചുവടുവയ്പ്പാണെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് പറയുന്നു.
ഓയിൽ ഇന്ത്യ ലിമിറ്റഡും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനും (ഒഎൻജിസി) സംയുക്തമായാണ് ആൻഡമാൻ കടലിൽ ഹൈഡ്രോ കാർബൺ ശേഖരത്തിനായി തെരച്ചിൽ നടത്തുന്നത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ ഏകദേശം 85 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെ ആയതിനാൽ പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ എണ്ണ, പ്രകൃതിവാതക ഇറക്കുമതിയുടെ 50 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കാന്‍ സാധിക്കും.

Exit mobile version