Site iconSite icon Janayugom Online

പ്രഹസനമല്ലെ മനുഷ്യാ നിന്റെയീ പ്രകൃതി സ്നേഹം

ഭൂമിയിലെ അനേകം ജീവജാലങ്ങളിൽ ഒന്നു മാത്രമായ മനുഷ്യനും മറ്റ് ജീവജാലങ്ങളെപ്പോലെ പ്രകൃതിക്കിണങ്ങി ജീവിക്കണം. ഏറ്റവും മികച്ചതെന്നഹങ്കരിക്കുകയും, ഈ ബോധ്യത്തോടെ ജീവിക്കുകയും ചെയ്യുന്ന മനുഷ്യവർഗം പ്രകൃതി സന്തുലനം നിലനിർത്തി ജീവിക്കുന്ന ജീവികളുടെയും , നാം ചവിട്ടി നിൽക്കുന്ന മണ്ണിനെയും ഇല്ലായ്മ ചെയ്യുന്നു എന്നത് പരമ കോടിയിലെത്തി നിൽക്കുന്നു. അതിന്റെ കാരണക്കാരായവർ തന്നെ ഈ തിരിച്ചറിവിനെ ആഗോളതാപനം എന്ന് വിശേഷിപ്പിക്കുന്നു. ഒരു ചിരട്ടയിൽ ഒരു പിടി മണ്ണിട്ട് അതിൽ ഒരു പയർ വിത്ത് നട്ട് കുറച്ച് വെള്ളമൊഴിച്ചാൽ അത് മനോഹരമായ ഒരു പയർ ചെടിയായി വളർന്ന് പന്തലിക്കും! ഓരോ തരി മണ്ണിലും ജീവന്റെ വിവിധ രൂപഭാവങ്ങൾ ഉണ്ട്! സൂക്ഷിച്ചു നോക്കിയാൽ നാമെല്ലാം ഇത്തരത്തിൽ ഓരോ തരി മണ്ണിന്റെ വകഭേദങ്ങളാണെന്ന് കാണാൻ സാധിക്കും! നാം നേടുന്നു എന്നു കരുതുന്ന അറിവിനെക്കാൾ എത്രയോ വിലപ്പെട്ടത് നാമെന്താണ്, നമ്മുടെ ചുറ്റുപാട് എന്താണെന്ന തിരിച്ചറിവാണ് മഹത്തായത്!
വെറും 10 സെന്റ് നെൽ വയലിൽ ഏകദേശം 18 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കപ്പെടുന്നു. 350 ഇനം ജീവികളുടെ ആവാസ വ്യവസ്ഥയുമാണ്! വെറും ഒരു ഏക്കറിൽ വിതക്കുന്ന 10 — 12 കിലോ നെൽമണികളിൽ നിന്ന് 10–20 ക്വിന്റൽ നെല്ല് വിളയിക്കുന്ന വയൽ ചെളിയിലെ ജീവൻ എവിടെയാണ്!
അത്യാർത്തി മൂത്ത് മനുഷ്യൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാൽ നശിക്കുന്ന മണ്ണും ജീവിവർഗ്ഗങ്ങളും ജീവൻ അപകടത്തിലാക്കിയിരിക്കുന്നു. കീടനാശിനി പ്രയോഗം മൂലം ചത്തൊടുങ്ങിയ വലിയ ഒരു വിഭാഗമാണ് കുറുക്കൻമാർ! പെറ്റുപെരുകുന്ന കാട്ടുപന്നികളുടെയും , മാനുകളുടെയും , മയിലുകളുടെയും പ്രജനനം കൃത്യമാക്കി നിയന്ത്രിച്ചു കൊണ്ട് കാടിനും നാടിനുമിടയിലെ അതിർത്തി സുരക്ഷ സേനയായി (Bor­der Secu­ri­ty force by the nature) ആയി വിഹരിച്ചിരുന്ന കുറുക്കന്റെ വംശം തന്നെ എന്നെന്നേക്കുമായി ഇന്ന് ഇല്ലാതായി! വന്യജീവികൾ പെറ്റുപെരുകി, കാടും നാടും നശിച്ചു കൊണ്ടിരിക്കുന്നു. ഒരു പിടക്കോഴി തന്റെ ചിറകിനടിയിൽ തന്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കണം എന്ന തിരിച്ചറിവോടെ തന്റെ ദൗത്യം നിർവ്വഹിക്കുമ്പോൾ പ്രകൃതി ഓരോന്നിനും വേണ്ട ബോധ്യങ്ങളും, ശീലങ്ങളും നൽകുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. നെൽ വയലിലെ ചെളിയിൽ നിന്ന് ഒഴുകിയെത്തുന്ന ഓരോ മണൽത്തരിയും കടൽ തീരത്ത് എത്തി കടൽത്തിരകളെ ഏറ്റുവാങ്ങി കടലെടുക്കാതെ തീരത്തെ കാത്തു വെക്കുന്നതും ഒരു ജീവൽ പ്രക്രിയ ആണ്! പ്രകൃതിയെ അറിയുക, തിരിച്ചറിയുക, ജീവന്റെ വില യെന്തെന്ന് മനസ്സിലാക്കുക അപ്പോൾ പ്രകൃതി മനുഷ്യനാൽ നശിപ്പിക്കപ്പെടാതിരിക്കും! പ്രകൃതി സംരക്ഷണം പരിസ്ഥിതി സംരക്ഷണം എന്നത് വെറുമൊരു വാക്കല്ല പകരം ഓരോ ജീവികളുടെയും ജീവിതമാണ്. അതായിരിക്കണം. അകലെയുള്ള ദൈവത്തെ കാണുന്നതിന് മുമ്പ് അടുത്ത് നിൽക്കുന്ന അനുജനെ കാണാൻ സാധിക്കണം! ഒപ്പം നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണിനെയും!

-Envi­ron­men­tal Pro­tec­tiom and Research Coun­cil, Thiruvananthapuram.

Eng­lish Summary: 

You may like this video also

Exit mobile version