Site iconSite icon Janayugom Online

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു

കേരള മുൻ മുഖ്യമന്ത്രിയും, മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം സൃഷ്ടിച്ച കമ്മ്യുണിസ്റ്റ് നേതാവായിരുന്നു വി.എസ്.അച്യുതാനന്ദൻ. പരിസ്ഥിതിയ്ക്കും, പാർശ്വവൽക്കരിയ്ക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി മാറിയത്.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വി.എസ് നിർണായക പങ്ക് വഹിച്ചു. അനീതികൾക്കെതിരെ തലയുയർത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും കാർക്കശ്യവും ജീവിതപാഠമാക്കിയ വി.എസ് വിടവാങ്ങുമ്പോൾ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്. കേരളം നിലനിൽക്കുന്ന കാലത്തോളം വി എസ് അച്യുതാനന്ദൻ എന്ന വിപ്ലവകാരിയുടെ ഓർമ്മകൾ തലമുറകൾ കൈമാറി നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Exit mobile version