Site iconSite icon Janayugom Online

നവ കേരള സദസ്: പരാതികളിൽ ജില്ലാതലത്തിലെ തീരുമാനം രണ്ടാഴ്ചയ്ക്കകം

navakeralasaddasnavakeralasaddas

നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകല്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
സാധാരണ പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമുണ്ടെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കണം.
സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ജോയിന്റ് ഡയറക്ടർമാർ പ്രിൻസിപ്പൽ ഡയറക്ടർക്ക് ആവശ്യമായ രേഖകൾ സഹിതം പ്രൊപ്പോസൽ അയക്കണം. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിക്കുന്ന അപേക്ഷകൾ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ സെക്ഷനുകൾക്കു കൈമാറി അടിയന്തരമായി തീർപ്പുകല്പിക്കുകയും സർക്കാർ തലത്തിൽ നടപടി ആവശ്യമായ വിഷയങ്ങൾ ആവശ്യമായ രേഖകൾ സഹിതം സർക്കാരിനു സമർപ്പിക്കുകയും ചെയ്യണം. 45 ദിവസത്തിനകം തീർപ്പുണ്ടാക്കണം.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ, പരാതികൾ തുടങ്ങിയവ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ലാതലത്തിൽ ക്രോഡീകരിച്ച് ക്രമ നമ്പറിട്ട് നവകേരള സദസിന്റെ കൈപ്പറ്റ് രസീതിലെ നമ്പർ സഹിതം രജിസ്റ്ററിൽ ചേർക്കണം. ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ, പരാതികളിലും അപേക്ഷകളിലും സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി ദിനംപ്രതി പരിശോധിക്കുകയും വീഴ്ച കണ്ടെത്തിയാൽ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.
വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ പരിധിയിൽ വരുന്ന കെട്ടിട നിർമ്മാണം, ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സിറ്റിസൺ അസിസ്റ്റന്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത്, ബന്ധപ്പെട്ട ഇന്റേണൽ വിജിലൻസ് ഓഫിസർമാർ അടിയന്തര പ്രാധാന്യത്തോടെ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിക്കുന്ന നിവേദനങ്ങളും പരാതികളും സംബന്ധിച്ച പുരോഗതി ദിനംപ്രതി പരിശോധിക്കുന്നതിനും സെക്ഷനുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഡിപിഎൽഎ സെക്ഷൻ സീനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും സർക്കുലറിൽ പറയുന്നു.

Eng­lish Sum­ma­ry: Nava Ker­ala Sadas: Dis­trict lev­el deci­sion on com­plaints with­in two weeks

You may also like this video

Exit mobile version