Site iconSite icon Janayugom Online

നവകേരള സദസ്; പ്രതീക്ഷനിറച്ച് വന്നെത്തിയത് ലക്ഷങ്ങൾ

കടലോരവും പുഴയോരവും മലയോരവും താണ്ടി പതിനായിരങ്ങളുടെ സ്നേഹമസൃണമായ സാന്നിധ്യത്തിന്റെ വർണ്ണാഭമായ അനുഭവങ്ങള്‍ പിന്നിട്ട് നവകേരള സദസിന്റെ മലപ്പുറത്തെ വേദികൾക്ക് തിരശീല വീണു. ഇനിയുളള മൂന്നുനാൾ കരിമ്പനകളുടെ നാട്ടിലെ സാധാരണക്കാരുമായി സംവദിക്കാൻ ഭരണസാരഥികൾ പാലക്കാട്ടേക്ക് യാത്രയായി.
ജില്ലയുടെ സമസ്ത മേഖലകളേയും ഇളക്കി മറിച്ച് നാലുദിവസം ലക്ഷങ്ങളാണ് നാടിളക്കിയ സർക്കാർ ദൗത്യത്തിന്റെ ഭാഗമായത്. ജില്ലയിലെ പതിനാറ് നിയമസഭാ മണ്ഡലങ്ങളിൽ 12 ഇടത്തും യുഡിഎഫ് എംഎൽഎമാർ വിട്ടുനിന്നെങ്കിലും സദസിന്റെ പ്രൗഢിയെയും പ്രാധാന്യത്തെയും ഒട്ടും ബാധിച്ചില്ല. തവനൂരിലും പൊന്നാനിയിലും നിലമ്പൂരിലും താനൂരിലും എംഎൽഎമാർ നവകേരളയാത്രയുടെ സ്വീകരണത്തിന് ചുക്കാൻ പിടിച്ചപ്പോൾ മറ്റിടങ്ങളിലെല്ലാം നാട്ടുകാർ ഒറ്റക്കെട്ടായി നെഞ്ചേറ്റുകയായിരുന്നു.
60,000ത്തിലധികം പരാതികളാണ് ഇന്നലെ വൈകുന്നേരം വരെ ജില്ലയിലെ വിവിധ ജാഥാകേന്ദ്രങ്ങളിൽ ലഭിച്ചത്.
ന്നലെ പ്രഭാതസദസും വാർത്താസമ്മേളനവും പൂർത്തിയാക്കിയാണ് ആദ്യ സ്വീകരണ കേന്ദ്രമായ ഏറനാട് മണ്ഡലത്തിലെ അരിക്കോട്ടേയ്ക്കെത്തിയത്. ഏറനാടൻ ഗ്രാമങ്ങളിൽ വികസനത്തിന്റെ ചൂളംവിളി മുഴങ്ങിയ സമീപകാലം തങ്ങൾക്കു സമ്മാനിച്ച എൽഡിഎഫ് മന്ത്രിസഭയെ സ്വീകരിക്കാൻ രാഷ്ട്രീയ ഭേദമന്യേ വൻജനാവലി  അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ എത്തിയിരുന്നു. മന്ത്രിമാരായ വിശിവൻകുട്ടി, ജി ആർ അനിൽ, സജി ചെറിയാൻ, കെ രാജൻ എന്നിവർ നേരത്തെ വേദിയിലെത്തി സംസാരിച്ചു കഴിഞ്ഞപ്പോഴെക്കും മുഖ്യമന്ത്രിയെത്തി.
ഉച്ചക്ക് ശേഷം സംസ്ഥാനത്തിന്റെ അതിർത്തി മേഖലയായ നിലമ്പൂരിലേക്ക്. പ്രകൃതിരമണീയത നിറഞ്ഞ നിലമ്പൂരിന്റെ മണ്ണ് വർധിച്ച ആവേശത്തിലാണ് ഭരണസാരഥികളെ വരവേറ്റത്. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലായിരുന്നു സ്വീകരണം. കനത്ത മഴയിലും കാൽലക്ഷത്തിലധികം പേർ എത്തിയിരുന്നു. മന്ത്രിമാരായ വീണാജോർജ്, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ സംസാരിച്ചു. നിലമ്പൂർ താലൂക്കിൽ റവന്യു വകുപ്പിന് കൈമാറിക്കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ ജനുവരി 31 അകം പട്ടയം നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വണ്ടൂർ വിഎംസി ഹൈസ്കൂൾ ഗ്രൗണ്ട്, പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയം എന്നിവടങ്ങളിലും വൻജനാവലിയെ സാക്ഷിയാക്കിയാണ് നവകേരളസദസ് നടന്നത്. മുമ്പെങ്ങും കാണാത്ത വിധത്തിലുളള ജനമുന്നേറ്റമാണ് മലപ്പുറം ജില്ലയിലെ പതിനാറ് വേദികളിലും പ്രകടമായത്. സർക്കാർ പരിപാടികളുടെ സ്വഭാവത്തെ തന്നെ അടിമുടി മാറ്റിയെഴുതിയ നവകേരള സദസ് സംഘാടനമികവിലും എല്ലാതലത്തിലുമുള്ള ജനവിഭാഗങ്ങളുടെ കൂട്ടായ്മകൊണ്ടും ശ്രദ്ധേയമായി.
Eng­lish Sum­ma­ry: navak­er­ala sadas
You may also like this video
Exit mobile version