40,000ത്തിൽപ്പരം നിവേദനങ്ങൾ ഏറ്റുവാങ്ങി ജില്ലയിൽ മൂന്നു ദിനപര്യടനം പൂർത്തിയാക്കിയ നവകേരള യാത്ര ഇന്ന് മുതൽ പൂരനഗരിയിൽ. ചിറ്റൂർ നടന്ന പ്രഭാത യോഗത്തിൽ പ്രമുഖ നിരൂപകൻ ആശാമേനോൻ, വ്യവസായി ജ്യോതിസ് കുമാർ, കർഷകൻ സി ആർ ഭവദാസ്, പെലാട്രോ സിഒ ഒ സുധീഷ് എഴുവത്ത് എന്നിവരെത്തി കാർഷിക പ്രശ്നങ്ങളെക്കറിച്ച് വിശദമായി സംസാരിച്ചു. കലാകാരന്മാരെ പരിഗണിക്കണമെന്നും ശമ്പളവും പെൻഷനും ഉയർത്തണമെന്നുമുള്ള കലാമണ്ഡലം ശിവൻ നമ്പൂതിരിയുടെയും ഗായിക തത്തമ്മയുടെയും നിവേദനം സ്വീകരിച്ച് പെൻഷൻ തുക ഉയർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചിറ്റൂർ ബോയിസ് ഹൈസ്കൂളിൽ നേരത്തെതന്നെ സമ്മേളനഹാൾ നിറഞ്ഞിരുന്നു. 30 കൗണ്ടറുകളിലായി 4957 നിവേദനങ്ങൾ ലഭിച്ചു. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും മൂന്ന് കൗണ്ടറുകൾ പ്രത്യേക സജ്ജീകരിച്ചിരുന്നു. തുടർന്ന് ഉച്ചക്കഴിഞ്ഞ് നെന്മാറ ബോയിസ് ഹൈസ്കൂൾ മൈതാനത്തായിരുന്നു നെന്മാറ മണ്ഡലം നവകേരള സദസ്. വന്യമൃഗ ശല്യവും ഉരുള്‍പൊട്ടലും രൂക്ഷമായ മേഖലയില്‍ അവയ്ക്ക് പ്രതിവിധി കാണുന്നതിന് സര്‍ക്കാര്‍ ആവതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ ശുദ്ധജല വിതരണത്തിന് 3576 കോടി രൂപക്ക് ഇതിനോടകം ഭരണാനുമതി നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വൈകിട്ട് ആലത്തൂർ മണ്ഡലം നവകേരള സദസ് സ്വാതി ജങ്ഷനിലെ പുതുകുളങ്ങരക്കാവിൽ ആരംഭിച്ചപ്പോഴും അഭൂതപൂർവമായ ജനത്തിരക്കാണ് കാണാനായത്. ജില്ലയിലെ സമാപന സമ്മേളനം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിൽ രാത്രി വൈകിയാണ് ആരംഭിച്ചതെങ്കിലും മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് റോഡിനിരുവശവും മൈതാനത്തും കാത്തു നിന്നത്. മൂന്നു ദിവസം നടന്ന നവകേരള സദസ് ജില്ലയില്‍ പൂര്‍ത്തിയാക്കി ഇന്ന് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
English Summary: navakerala sadas
You may also like this video