Site icon Janayugom Online

നവകേരള സദസ് ; ആരോപണങ്ങള്‍ ഹർജിക്കാരന്റെ അനുമാനങ്ങളെന്ന് ഹൈക്കോടതി

നവകേരള സദസുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹർജിക്കാരനെ വിമർശിച്ച് കോടതി. ഹർജിക്കാരന്റെ വാദങ്ങൾ പലതും അനുമാനങ്ങൾ മാത്രമാണെന്നും അത്തരം കാര്യങ്ങൾ വിളിച്ച് പറയാൻ കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നവകേരള സദസ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം.
അതേ സമയം നവകേരള സദസിന് ജില്ലാ കളക്ടർമാർ സ്പോൺസർഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവിൽ വ്യക്തതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവിൽ സ്പോൺസർഷിപ്പ് എന്തിനൊക്കെയാണെന്ന് കൃത്യമായി പറയുന്നുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി.  കളക്ടർമാർ നവകേരള സദസിനായി നേരിട്ട് പണം പിരിക്കേണ്ടതില്ലെന്നും സന്നദ്ധരായി എത്തുന്ന സ്പോൺസർമാരിൽ നിന്ന് പണം സ്വീകരിക്കാമെന്നും മലയാളത്തിലുള്ള ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
എന്നാൽ നവകേരള സദസ് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇതോടെയാണ് ഹർജിക്കാരന് എതിരെ കോടതി വിമർശനം ഉന്നയിച്ചത്. ഹർജിയിൽ ക്രിസ്തുമസ് അവധിയ്ക്ക് ശേഷം കോടതി വീണ്ടും വാദം കേൾക്കും.
Eng­lish Sum­ma­ry: navak­er­ala sadas, high court
You may also like this video
Exit mobile version