Site icon Janayugom Online

പ്രവാസലോകത്തെ കലാപ്രവർത്തനങ്ങൾക്കുള്ള സമഗ്രസംഭാവന മുൻനിർത്തി ശ്രീ ജേക്കബ് ഉതുപ്പിനെ നവയുഗം ആദരിയ്ക്കുന്നു

സൗദി അറേബ്യയുടെ പ്രവാസലോകത്തെ കലാസാംസ്ക്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവും, നാടകപ്രവർത്തകനും, സിനിമ‑ടെലിഫിലിം നിർമ്മാതാവും, സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജേക്കബ് ഉതുപ്പിനെ കലാപ്രവർത്തനങ്ങൾക്കുള്ള സമഗ്രസംഭാവന മുൻനിർത്തി നവയുഗം സാംസ്ക്കാരികവേദി ആദരിയ്ക്കുന്നു.

പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും കലയ്ക്കും, നാടകത്തിനും, സംഗീതത്തിനും ഉഴിഞ്ഞുവെച്ച ജീവിതമാണ് ശ്രീ ജേക്കബ് ഉതുപ്പിന്റേത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കലാപ്രവർത്തന കൂട്ടായ്മകളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ദമ്മാം നാടകവേദിയുടെ “ശിഖണ്ഡിനി”, “ഇരയും വേട്ടക്കാരനും”, “അവനവൻ തുരുത്ത്” എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

ഹൃദയ നൊമ്പരങ്ങളിൽ ചാലിച്ച പ്രവാസത്തിന്റെ നേർക്കാഴ്ചയുമായി, ശ്രീ ജേക്കബ് ഉതുപ്പ് തിരക്കഥയെഴുതി സംവിധാനം ചെയ്തു മുഖ്യവേഷത്തിൽ അഭിനയിച്ച പൂർണമായും സൗദി അറബ്യയിൽ നിർമിച്ചു യൂട്യൂബിൽ റിലീസ് ചെയ്ത കൊച്ചു സിനിമയായ ” ദിയ ” ഏറെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. പ്രവാസലോകത്ത് ശ്രദ്ധേയമായ കൊച്ചു ചിത്രം ” മഴപ്പാറ്റകൾ “, ക്രിസ്തീയ ഭക്തി ഗാനആൽബം ” യഹോവ “, മ്യൂസിക്കൽ ആൽബം ” നീയോർമ്മകൾ ” എന്നിവയുടെ നിർമ്മാതാവായ അദ്ദേഹം, ” പ്രാഞ്ചിയേട്ടന്മാർ ” എന്ന വെബ് സീരീസിലും, “മൗന നൊമ്പരം” എന്ന മ്യൂസിക്കൽ ആൽബത്തിലും അഭിനേതാവായും തിളങ്ങി.

ശ്രീ ഹേമന്ദ് കുമാർ തിരക്കഥ എഴുതി, രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന “നൊണ” എന്ന സിനിമയുടെ നിർമ്മാതാവായി മലയാള സിനിമ ലോകത്തിലേക്കും കടന്നു ചെന്നിരിയ്ക്കുകയാണ് ഇപ്പോൾ അദ്ദേഹം. ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ഈ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിൽ ഒരു പങ്ക്‌ അവശതയനുഭവ്ക്കുന്ന നാടക കലാകാരന്മാർക്ക് വേണ്ടി ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

മെയ് ആറിന് അരങ്ങേറുന്ന നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ വിഷു-ഈദ് ആഘോഷപരിപാടിയായ “മേടനിലാവ്-2022” ന്റെ വേദിയിൽ വെച്ചാകും ശ്രീ ജേക്കബ് ഉതുപ്പിന് ആദരവ് നൽകുക എന്ന് നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടനും, സെക്രട്ടറി ശരണ്യ ഷിബുവും അറിയിച്ചു.

Eng­lish Summary:Navayugam hon­ors Mr. Jacob Uthup for his com­pre­hen­sive con­tri­bu­tion to the art
You may also like this video

Exit mobile version