Site iconSite icon Janayugom Online

ഇതിഹാസ ചലച്ചിത്രകാരൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

മലയാളസിനിമ കണ്ട ഏറ്റവും പ്രഗത്ഭനായ സംവിധായകൻ എന്ന വിശേഷണത്തിന് അർഹനായ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി അനുശോചനം അർപ്പിച്ചു. ഏറ്റവുമധികം മലയാള സാഹിത്യരചനകള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ മികച്ച സംവിധായകന്‍ എന്നത് പോലെ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചലച്ചിത്ര പ്രവര്‍ത്തകനെന്ന വിശേഷണവും കെ.എസ്.സേതുമാധവന് മാത്രമായിരിക്കും ചേരുക. പത്തു പ്രാവശ്യമാണ് അദ്ദേഹം സിനിമയുടെ ദേശീയപുരസ്ക്കാരങ്ങൾ നേടിയത്. 7 പ്രാവശ്യം സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹള എന്നീ ഭാഷകളിൽ അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളസാഹിത്യത്തെ അതീവ ചാരുതയോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച ചലച്ചിത്രകാരനായിരുന്നു കെ എസ് സേതുമാധവൻ. മലയാളികൾക്ക് മറക്കാൻ കഴിയാത്ത ചലച്ചിത്ര അനുഭവങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്രലോകത്തിനും. സിനിമ പ്രേമികൾക്കും വലിയൊരു നഷ്ടമാണ്. ഇനിയൊരാൾക്കും നേടാൻ കഴിയാത്ത വിധം മലയാള സിനിമയുടെ സുവർണ്ണകാലം കൈപ്പിടിയിലൊതുക്കിയ അതുല്യ പ്രതിഭയായ അദ്ദേഹത്തിന് നവയുഗം കലാവേദി അനുശോചനപ്രമേയത്തിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. 

ENGLISH SUMMARY:Navayugam Kalave­di con­doles on the death of leg­endary film­mak­er KS Sethumadhavan
You may also like this video

Exit mobile version