Site iconSite icon Janayugom Online

“നവയുഗസന്ധ്യ‑2K22” കലാസാംസ്‌കാരിക മെഗാപ്രോഗ്രാം വെള്ളിയാഴ്ച നടക്കും

navayugomnavayugom

നവയുഗം സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന “നവയുഗസന്ധ്യ‑2K22” എന്ന കലാസാംസ്‌കാരിക മെഗാപ്രോഗ്രാം, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ദമാം സാഹിക്ൽ വെച്ച് അരങ്ങേറുമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. പ്രവാസികൾക്കായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ നവയുഗസന്ധ്യയിൽ ഒരുക്കിയിട്ടുണ്ട്.

സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി വിവിധ മത്സരങ്ങൾ, കുടുംബസംഗമം, റിപ്പബ്ലിക്ക് ദിനാഘോഷം, സഫിയ അജിത് അനുസ്മരണം, നവയുഗം പുരസ്‌കാരം വിതരണം, വിവിധ മേഖലകളിൽ സ്തുത്യർഹസേവനം ചെയ്യുന്ന വ്യക്തികളെ ആദരിക്കൽ, വിവിധ കലാപ്രകടനങ്ങൾ, സാംസ്‌ക്കാരിക സദസ്‌ എന്നീ പരിപാടികളാണ് നവയുഗസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്ക്കൂൾ കുട്ടികൾക്കായുള്ള കളറിംഗ്, ചിത്രരചന മത്സരങ്ങളും, വനിതകൾക്കായുള്ള കേക്ക് മേക്കിങ് മത്സരവും ഉച്ചയ്ക്ക് രണ്ടു മണി മുതൽ ആരംഭിയ്ക്കും. 

ഉച്ചയ്ക്ക് മുതൽ തന്നെ ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തകപ്രദർശനവും വില്പനയും, മെഡിക്കൽ ക്യാമ്പ് എന്നിവ അരങ്ങേറും. അതോടൊപ്പം പ്രവാസികൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനങ്ങളും നവയുഗം ലഭ്യമാക്കും.

നാല് മണിയോടെ പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങൾ അടങ്ങിയ കലാസന്ധ്യ ആരംഭിയ്ക്കും. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗസന്ധ്യ വേദിയിൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കും.

വൈകുന്നേരം ആറര മണിയോടെ, സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്ക്കാരിക സദസ്സ് ആരംഭിക്കും.

സാംസ്ക്കാരിക സദസ്സിൽ വെച്ച് നവയുഗത്തിന്റെ സഫിയ അജിത്ത് മെമ്മോറിയൽ സാമൂഹ്യപ്രതിബദ്ധത അവാർഡ് കേരള റവന്യു മന്ത്രി കെ രാജന്, കേരള ഹൗസിങ് ബോർഡ്‌ ചെയർമാൻ പി പി സുനീർ സമ്മാനിയ്ക്കും.

തങ്ങൾ പ്രവർത്തിയ്ക്കുന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിയ്ക്കുന്നതോടൊപ്പം, പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുന്ന ഒൻപത് വ്യക്തികളെ സാംസ്ക്കാരിക സദസ്സിൽ വെച്ച് ആദരിയ്ക്കും.

ദമ്മാം ഇന്ത്യൻ എംബസ്സി വോളന്റീർ ടീം കോർഡിനേറ്ററും സാമൂഹ്യപ്രവർത്തകനുമായ മിർസ സഹീർ ബൈഗ്, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ മെഹ്‌നാസ് ഫരീദ്, ഏറാം ഗ്രൂപ്പ് കമ്പനിയുടെ സൗദി അറേബ്യയിലെ ഗ്രൂപ്പ് ഡയറക്റ്ററും സി.ഒ.ഒ യുമായ മധു ആർ കൃഷ്ണൻ, ജുബൈലിൽ ഇന്ത്യൻ എംബസി വളണ്ടിയർ ഡസ്കിന്റെ കോർഡിനേറ്ററും ജീവകാരുണ്യപ്രവർത്തകനുമായ ജയൻ തച്ചൻപാറ, പ്രവാസി എഴുത്തുകാരനും, സാംസ്ക്കാരികപ്രവർത്തകനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീകുമാർ കായംകുളം, ആതുരശിശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നഴ്സുമാരായ അനിയമ്മ പൗലോസ്, ജൂബി ബഷീർ, “സൗദി പാട്ടു കൂട്ടം” അമരക്കാരനും നാടൻപാട്ട് കലാകാരനുമായ സന്തു സന്തോഷ്, എന്നിവരെയാണ് നവയുഗസന്ധ്യ‑2K22 യിൽ വെച്ച് ആദരിക്കുന്നത്. 

സാംസ്ക്കാരിക സദസ്സിനു ശേഷം കലാസന്ധ്യ പുനരാരംഭിയ്‌ക്കും. പ്രവാസലോകത്തിൽ വർണ്ണങ്ങൾ വിതറുന്ന, പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരിയ്ക്കലും മറക്കാനാകാത്ത വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയായി “നവയുഗസന്ധ്യ‑2K22” മാറ്റുവാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയായതായി നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു. 

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും നവയുഗസന്ധ്യ‑2K22 ലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി, സംഘാടക സമിതി ചെയർമാൻ സഹീർഷാ കൊല്ലവും, ജനറൽ കൺവീനർ ബിജു വർക്കിയും, രക്ഷാധികാരി പ്രിജി കൊല്ലവും പത്രകുറിപ്പിൽ പറഞ്ഞു. 

Eng­lish Sum­ma­ry: “Navayu­gasand­hya-2K22” art and cul­tur­al mega pro­gram will be held on Friday

You may also like this video

Exit mobile version