കേരളത്തനിമയും, വിവിധ ഗ്രാമീണ പ്രാദേശികതയും സംഗമിക്കുന്ന നിത്യപരിചിതരായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന മലയാളത്തിന്റെ മഹാനടിയായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു. നൂറുകണക്കിന് നാടകങ്ങളിലൂടെ നേടിയ അഭിനയസമ്പത്തുമായാണ് മലയാളസിനിമയുടെ ലോകത്ത് അവർ കടന്നു ചെന്നത്. ലളിതവും അനായാസവുമായ അഭിനയശൈലിയായിരുന്നു കെ പി എ സി ലളിത എന്ന അഭിനേതാവിനെ എന്നും വ്യത്യസ്തയാക്കിയത്. കാണുന്നത് അഭിനയമാണ് എന്ന് അല്പംപോലും തോന്നിപ്പിക്കാതെ, കഥാപാത്രങ്ങളെ ആഴത്തിൽ അനുഭവിപ്പിച്ചു പ്രേക്ഷകനെ മയക്കുന്ന മഹാനടിയായിരുന്നു അവർ. അറുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചപ്പോഴും, ഓരോ കഥാപാത്രവും മറ്റൊന്നിൽ നിന്നും വ്യത്യസ്തമാക്കാൻ ആ സൂക്ഷ്മ അഭിനയശൈലിയിലൂടെ അവർക്ക് കഴിഞ്ഞു.
ദന്തഗോപുരവാസിയായ സിനിമാതാരം ആകാതെ, എന്നും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹചാരിയായി സാമൂഹ്യസാംസ്‌ക്കാരിക മേഖലകളിലും കെ പി എ സി ലളിത നിറഞ്ഞു നിന്നു.
കേരള സംഗീത നാടക അക്കാദമിയുടെ ആദ്യത്തെ വനിതയായ അധ്യക്ഷയായി സ്‌തുത്യർഹമായ പ്രവർത്തനം അവർ കാഴ്ച വെച്ചിട്ടുണ്ട്. സഹനടിയ്ക്കുള്ള രണ്ടു ദേശീയ അവാർഡും, നാല് സംസ്ഥാന അവാർഡും, മറ്റനേകം അവാർഡുകളും നേടിയിട്ടുള്ള കെ പി എ സി ലളിത ഏറ്റവും വിലമതിച്ചത്, സാധാരണ പ്രേക്ഷകർ വീട്ടിലെ ഒരംഗത്തെപ്പോലെക്കണ്ടു അവർക്ക് നൽകിയ സ്നേഹത്തെയായിരുന്നു. കാലത്തിന്റെ അനിവാര്യമായ ഒഴുക്കിൽപ്പെട്ടു കെ പി എ സി ലളിത വിടവാങ്ങുമ്പോൾ, അവസാനിയ്ക്കുന്നത് മലയാള സിനിമയിലെ അഭിനയമികവിന്റെ ഒരു യുഗമാണ്. പ്രേക്ഷകർ ഏറ്റെടുത്ത ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അവരുടെ ഓർമ്മകൾ എന്നും മലയാളി മനസ്സുകളിൽ ഉണ്ടാകുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
English Summary: Navayugom condoles on Lalitha’s
You may like this video also