Site iconSite icon Janayugom Online

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ്; ദമ്മാം ഇന്ത്യൻ വോളി ക്ലബ്ബ് ടീം ചാമ്പ്യന്മാർ

ദമ്മാം: ആവേശകരമായ മത്സരങ്ങൾ കൊണ്ട് കിഴക്കൻ പ്രവിശ്യയിലെ കായികപ്രേമികളെ ത്രസിപ്പിച്ച നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റിന്റെ അഞ്ചാം പതിപ്പിന് ദമ്മാമിൽ സമാപനമായി.

ദമ്മാം അൽ സുഹൈമി ഫ്ളഡ്ലൈറ്റ് വോളിബാൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ സിഗ്മ ജുബൈൽ ടീമിനെ പരാജയപ്പെടുത്തി ദമ്മാം ഇന്ത്യൻ വോളി ക്ളബ്ബ് ടൂർണ്ണമെന്റ് ചാമ്പ്യന്മാർ ആയി. (സ്‌കോർ 25–23 25–20, 25–16)

വാശിയേറിയ പോരാട്ടം കാഴ്ച വെച്ചുവെങ്കിലും, മികച്ച പരസ്പരധാരണയും, ആസൂത്രണമികവും ഒരുമിപ്പിച്ച് കൊണ്ട് കളം നിറഞ്ഞു കളിച്ച ഇന്ത്യൻ വോളി ക്ളബ്ബ് ടീമിന്റെ ശക്തിയേറിയ സ്മാഷുകൾക്കും, മികച്ച ബ്ലോക്കുകൾക്കും മുന്നിൽ, സിഗ്മ ജുബൈൽ ടീം പരാജയപ്പെടുകയായിരുന്നു.

ആദ്യ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യൻ വോളി ക്ളബ്ബ് ടീം സ്റ്റാർസ് റിയാദിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയും (സ്‌കോർ 25–14, 23–25, 25–11, 25–15), രണ്ടാമത്തെ സെമി ഫൈനലിൽ സിഗ്മ ജുബൈൽ ടീം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കാസ്‌ക്ക് (KASC) ദമ്മാം ടീമിനെ പരാജയപ്പെടുത്തിയും (സ്‌കോർ 25–15, 25–20, 25–20) ആണ് ഫൈനലിൽ പ്രവേശിച്ചത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഇന്ത്യൻ വോളി ക്ളബ്ബ് ടീമിലെ നവീദിനെയും, ബെസ്റ്റ് സെറ്റർ ആയി ഇന്ത്യൻ വോളി ക്ളബ്ബ് ടീമിലെ സൊഹൈലിനെയും, ബെസ്റ്റ് ഡിഫൻഡർ ആയി സിഗ്മ ജുബൈൽ ടീമിന്റെ സെയ്‌ദിനെയും, ബെസ്റ്റ് സ്മാഷർ ആയി ഇന്ത്യൻ വോളി ക്ളബ്ബ് ടീമിലെ അൻസാബിനെയും തെരെഞ്ഞെടുത്തു.

കലാശപ്പോരാട്ടത്തിനു ശേഷം നടന്ന സമാപന സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം കലാവേദി സെക്രട്ടറി ബിനുകുഞ്ഞു സ്വാഗതം പറഞ്ഞു.
നവയുഗം കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ബിജു വർക്കി, ഗോപകുമാർ, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, വിനീഷ്, നന്ദകുമാർ, രവി ആന്ത്രോട്, വർഗ്ഗീസ്, സജീഷ് പട്ടാഴി, മഞ്ജു അശോക്, തമ്പാൻ നടരാജൻ, സംഗീത ടീച്ചർ, നാസർ കടവിൽ, രാജൻ കായംകുളം, റഷീദ് പുനലൂർ, ജാബിർ എന്നിവർ പങ്കെടുത്തു.

ചാമ്പ്യന്മാരായ ഇന്ത്യൻ വോളി ക്ളബ്ബ് ടീമിന് നവയുഗം സെക്രട്ടറി എം എ വാഹിദ് കാര്യറ സഫിയ അജിത്ത് മെമ്മോറിയൽ ട്രോഫിയും, നവയുഗം കായികവേദി സെക്രട്ടറി സന്തോഷ് ചെങ്ങോലിക്കൽ ക്യാഷ് പ്രൈസും സമ്മാനിച്ചു.
റണ്ണർഅപ്പ് ആയ സിഗ്മാ ജുബൈൽ ടീമിന് നവയുഗം കേന്ദ്രകമ്മിറ്റി അംഗം സഹീർഷാ ട്രോഫിയും, നവയുഗം ട്രെഷറർ സാജൻ കണിയാപുരം ക്യാഷ് പ്രൈസും സമ്മാനിച്ചു.
ഗോപകുമാർ അമ്പലപ്പുഴ, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, പ്രിജി കൊല്ലം, നന്ദൻ, രാജൻ കായംകുളം എന്നിവർ മറ്റുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. 

അഹമ്മദ്, സുരേഷ് എന്നിവർ മുഖ്യ റഫറിമാരും, ഇർഷാദ്, അരുൺ എന്നിവർ ലൈൻ റഫറിമാരും ആയി മത്സരം നിയന്ത്രിച്ചു. സ്‌ക്കോർ ബോർഡ് ജോജി രാജൻ, രവി അന്ത്രോട് എന്നിവരും നിയന്ത്രിച്ചു.
നവയുഗം നേതാക്കളായ ശ്രീലാൽ, രവി ആന്ത്രോട്, ജോജി രാജൻ, തമ്പാൻ നടരാജൻ, സനൂർ കൊദറിയ, എബി, ബിനോയ്, റിയാസ്, റഷീദ് പുനലൂർ, രാജൻ കായംകുളം, ജാബിർ, നിസാം കൊല്ലം, വർഗീസ് കൊദരിയ എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.

ക്യാൻസർ രോഗബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി മുൻ വൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ സഫിയ അജിത്തിന്റെ സ്മരണയ്ക്കായിട്ടാണ് എല്ലാ വർഷവും നവയുഗം കായികവേദി വോളിബാൾ ടൂർണമെന്റ്‌ സംഘടിപ്പിയ്ക്കുന്നത്.

Eng­lish Sum­ma­ry: Navayu­gom Dammam Safiya Ajith Memo­r­i­al Vol­ley­ball Tour­na­ment; Dammam Indi­an Vol­ley Club Team Champions

You may also like this video

Exit mobile version