Site iconSite icon Janayugom Online

തൂലികയുടെ മാന്ത്രികതയാൽ മലയാളികളെ മയക്കിയ അപൂർവ്വപ്രതിഭയായിരുന്നു ബിച്ചു തിരുമല: നവയുഗം

bichubichu

മലയാളികളുടെ പ്രിയ ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. തൂലികയുടെ മാന്ത്രികതയാൽ മലയാളികളെ മയക്കിയ അപൂർവ്വപ്രതിഭയായിരുന്നു അദ്ദേഹമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിലൂടെ പറഞ്ഞു. പ്രണയവും, വിഷാദവും, തത്ത്വചിന്തയും, മനുഷ്യവികാരങ്ങളും, ഹാസ്യവുമെല്ലാം അത്യപൂർവ്വമായ കൈയടക്കത്തോടെ വാരി വിതറിയ തന്റെ തൂലികയിൽ പിറന്നു വീണ ഗാനങ്ങളിലൂടെ, മലയാളികളുടെ മനസ്സിൽ അദ്ദേഹം സ്ഥിരപ്രതിഷ്‌ഠ നേടി. മലയാള സിനിമ ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.

ബിച്ചുവിന്റെ രചനാപാടവത്തിന്റെ തെളിവായി നൂറുകണക്കിന് മനോഹരഗാനങ്ങൾ ഇന്നും ഒരു തലമുറയ്ക്ക് ഗൃഹാതുരത ഉണർത്തുന്നു. ഏഴുസ്വരങ്ങളിൽ ജാലം തീർത്തു മനുഷ്യ മനസ്സിനെ വികാരങ്ങളുടെ ഉയരങ്ങളിൽ എത്തിച്ചും, ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു ചിന്തിയ്ക്കുന്നതിനൊപ്പം ചിരിയുടെ മേലാടകൾ വാരി വിതറിയും അദ്ദേഹത്തിന്റെ ഗാനങ്ങൾ അനുവാചകരെ അത്ഭുതപ്പെടുത്തി. കഥാസന്ദര്ഭവും, സംഗീതവും ആവശ്യപ്പെടുന്നതിനനുസരിച്ച് എഴുതപ്പെട്ട പാട്ടുകളിൽ സംക്ഷിപ്തവും അർത്ഥപൂർണ്ണവുമായ വാക്കുകളുടെ പ്രയോഗത്തിലൂടെ കാവ്യഭാവനയും, ബിംബകല്പനയും അതിവിദഗ്ധമായി അദ്ദേഹം വിളക്കിച്ചേര്ത്തു. എണ്പതുകളിലെ സിനിമകളുടെ മുഖമുദ്രയായിരുന്ന കാല്പനികഭാവം അതിമനോഹരമായി വരികളിലേക്ക് ആവാഹിക്കാന് അദ്ദേഹത്തിനു കഴിഞ്ഞു. എന്നും പുരോഗമന പ്രസ്ഥാനങ്ങളോട് ഒപ്പം നിന്ന് യാത്ര ചെയ്തിട്ടുള്ള ബിച്ചു തിരുമലയുടെ നിര്യാണം മലയാളി സമൂഹത്തിനു തന്നെ ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ തൂലിക സൃഷ്‌ടിച്ച ഗാനങ്ങളിലൂടെ ആ ഓർമ്മകൾ എന്നും കേരളസമൂഹത്തിൽ നിറഞ്ഞു നിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.

You may like this video also

Exit mobile version