Site icon Janayugom Online

നവയുഗം ഇടപെട്ടു; ഹുറൂബിലായിരുന്ന രോഗിയെ നിയമക്കുരുക്ക് നീക്കി തുടർചികിത്സയ്ക്കായി നാട്ടിലേക്കയച്ചു

സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ അസുഖബാധിതനായിട്ടും നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ നിയമക്കുരുക്ക് അഴിച്ചു നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന കോനപൂർ സ്വദേശിയായ മറമ്പിൽ ഗംഗാറാം എന്ന തൊഴിലാളിയെയാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുത്തിയത്.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ദമ്മാം കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ഗംഗാറാമിന്റെ ദുരവസ്ഥ, അയാളുടെ ചില സുഹൃത്തുക്കളാണ് നവയുഗം ജീവകാരുണ്യവിഭാഗത്തെ അറിയിച്ചത്.
സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ ഇൻഷുറൻസില്ലാതെ ചികിത്സചിലവുകൾ സ്വന്തം പോക്കറ്റിൽ നിന്നും ചിലവാക്കേണ്ടി വന്നതിനാൽ തുടർചികിത്സ ഒരു ചോദ്യചിഹ്നമായിരുന്നു ഗംഗാറാമിന്. തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാൻ ഗംഗാറാമിനെ ചികിത്സിച്ച നല്ലവനായ ഡോക്ടർ ഉപദേശിച്ചെങ്കിലും, ഹുറൂബ് ആയതിനാൽ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ലാത്ത അവസ്ഥ ആയിരുന്നു.

തുടർന്ന്, നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടൻ ഗംഗാറാമിന്റെ പ്രശ്‍നങ്ങൾ ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, ആവശ്യമായ രേഖകൾ സമർപ്പിയ്ക്കുകയും, നിരന്തരം ഇടപെടുകയും ചെയ്തു. ഗംഗാറാമിന് എക്സിറ്റ് നൽകാനുള്ള അപേക്ഷ എംബസ്സി തർഹീലിലേയ്ക്ക് നൽകി. തർഹീൽ ഓഫിസറുടെ സഹായത്തോടെ മണിക്കുട്ടൻ അതിൻേമേലുള്ള നടപടികൾ വേഗത്തിലാക്കിയതോടെ ഗംഗാറാമിന് ഫൈനൽ എക്സിറ്റ് അടിച്ചു കിട്ടി.

മണികുട്ടന്റെ അഭ്യർത്ഥനപ്രകാരം ഹൈദരാബാദ് പ്രവാസി അസോസിയേഷൻ ഗംഗാറാമിന് വിമാനടിക്കറ്റ് സൗജന്യമായി നൽകി.
നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞു ഗംഗാറാം നാട്ടിലേയ്ക്ക് മടങ്ങി.

eng­lish sum­ma­ry; navayu­gom updates
you may also like this video;

Exit mobile version