കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ദിവ്യയ്ക്കും പ്രശാന്തിനും സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11ന് ഹാജരാകാനാണ് കോടതി നിർദേശം.തലേദിവസം കണ്ണൂർ കളക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അജിത്ത് പ്രഭാവ് വഴിയാണ് ഹർജി ഫയൽചെയ്തിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി ഡിസംബറിൽ സെഷൻസ് കോടതി പരിഗണിക്കും.
നവീൻ ബാബുവിന്റെ മരണം: ദിവ്യയും പ്രശാന്തനും 65 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കുടുംബം, ഹർജി ഫയൽ ചെയ്തു

