എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കലക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. ജില്ലാ കലക്ടറുടെ ക്ഷണം ലഭിച്ചതിനെ തുടർന്നാണ് താന്‍ യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നാണ് പി പി ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞത്. എന്നാൽ ഈ വാദം കളക്ടർ തള്ളിയിരുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ മൊഴിയെടുപ്പിലും പൊലീസിന്റെ മൊഴിയെടുപ്പിലും ജില്ലാ കലക്ടര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.
നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോടും വ്യക്തമാക്കി. എഡിഎമ്മിന്റെ മരണത്തിന് ശേഷം താന്‍ പി പി ദിവ്യയുമായി സംസാരിച്ചിട്ടില്ല. അത് വ്യക്തമാക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീതയ്ക്ക് കൈമാറിയിട്ടുണ്ട്. സൗകര്യാർത്ഥമാണ് പൊലീസ് ഔദ്യോഗിക വസതിയിലെത്തി തന്റെ മൊഴിയെടുത്തത്. അല്ലാതെ രഹസ്യമായി എടുത്തതല്ലായെന്നും കലക്ടർ പറഞ്ഞു. നവീൻ ബാബുവിന് അവധി നിഷേധിച്ചിരുന്നെന്ന കുടുംബത്തിന്റെ ആരോപണവും ജില്ലാ കലക്ടർ തള്ളി. താൻ അവധി നിഷേധിച്ചിട്ടില്ലെന്നും നവീൻ ബാബുവുമായി ഔദ്യോഗികമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടറുടെ മൊഴിയെടുത്തിട്ടും ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിചേര്‍ത്ത് കേസെടുത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒരാഴ്ച പിന്നിട്ടിട്ടും പി പി ദിവ്യ കാണാമറയത്ത് നില്‍ക്കുന്നത് വലിയ ആരോപണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ പൊലീസ് ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയാണെന്നാണ് ആരോപണങ്ങൾ ഉയര്‍ന്നത്. നാളെയാണ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.