എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീത കണ്ണൂരിലെത്തി റവന്യു വകുപ്പ് ജീവനക്കാരുടെ മൊഴിയെടുത്തു. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കളക്ടർ അരുൺ കെ വിജയൻ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് മൊഴിയെടുത്തത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്നാണ് പൊതുവെ ലഭിച്ച വിവരമെന്നാണ് അറിയുന്നത്.
പെട്രോൾ പമ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, യാത്രയയപ്പ് യോഗത്തിൽ എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പെട്രോൾ പമ്പിന് എൻഒസി അനുവദിച്ചു കൊടുക്കാൻ പ്രത്യേക താല്പര്യം കാണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളില്‍ കമ്മിഷണർ വിവരങ്ങൾ തേടി. ഒരു ഫയലും എഡിഎം മനഃപൂർവം വച്ചു താമസിപ്പിച്ചിട്ടില്ലെന്നും നേരത്തെ എൻഒസി നൽകാതിരുന്നത് ബന്ധപ്പെട്ട രേഖകളുടെ അഭാവത്താലാണെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.
ജനപ്രതിനിധികൾ ആരെയും പങ്കെടുപ്പിക്കാതെ റവന്യു ജീവനക്കാർ മാത്രമായി നടത്തിയ യാത്രയയപ്പ് യോഗത്തിൽ പി പി ദിവ്യ കടന്നുവന്നത് ആരെങ്കിലും ക്ഷണിച്ചിട്ടാണോ എന്നതിനെക്കുറിച്ചും അന്വേഷിച്ചു. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തിയതിനെ തുടർന്ന് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ പോയതെന്നാണ് ദിവ്യ പറഞ്ഞതെങ്കിലും ഇക്കാര്യം കളക്ടർ നിഷേധിച്ചിട്ടുണ്ട്. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. ദിവ്യയെ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അരുൺ കെ വിജയൻ അവധി അപേക്ഷ നൽകിയിട്ടുണ്ട്.