Site iconSite icon Janayugom Online

നവ്‌‌ലഖെയുടെ ജാമ്യം: ഹര്‍ജി വീണ്ടും പരിഗണിക്കണം

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌‌ലഖെയുടെ ജാമ്യം നിരസിച്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ പ്രത്യേക ജഡ്ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 

പ്രത്യേക കോടതിയുടെ ഉത്തരവിലെ ന്യായവാദം നിഗൂഢമാണെന്നും പ്രോസിക്യൂഷൻ ആശ്രയിക്കുന്ന തെളിവുകളുടെ വിശകലനം അടങ്ങിയിട്ടില്ലെന്നും ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പി ഡി നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി വീണ്ടും വാദം കേൾക്കേണ്ടതെന്നും കേസ് വീണ്ടും കോടതിയിലേക്ക് മാറ്റണമെന്നും ബെഞ്ച് വിധിച്ചു. നാല് ആഴ്‌ചയ്‌ക്കുള്ളിൽ വാദം പൂർത്തിയാക്കാനും പ്രത്യേക ജഡ്ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. 

2018 ഓഗസ്റ്റിലാണ് നവ്‌ലഖെ അറസ്റ്റിലായത്. ആദ്യം വീട്ടു തടങ്കലിലായിരുന്ന അദ്ദേഹത്തെ 2020 ഏപ്രിലിലാണ് തലോജ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ നവംബറില്‍ വീട്ടു തടങ്കലിലേക്ക് മാറ്റണമെന്ന നവ്‌ലഖെയുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു മാസത്തേക്ക് അനുവദിച്ച വീട്ടുതടങ്കല്‍ പിന്നീട് കോടതി വീണ്ടും നീട്ടി നല്‍കി. നിലവില്‍ താനെയിലെ നവി മുംബൈയിലാണ് നവ്‌ലഖെയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Eng­lish Summary;Navlakhe’s Bail: Peti­tion to be reconsidered

You may also like this video

Exit mobile version