Site iconSite icon Janayugom Online

പുതിയ ഹെലികോപ്റ്റര്‍ വാങ്ങാന്‍ നാവികസേന

സമുദ്ര പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇരട്ട എന്‍ജിനുള്ള ലൈറ്റ് നേവല്‍ യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ (എന്‍യുഎച്ച്എസ്) വാങ്ങുന്നതിനായി യുഎസ്, ഫ്രാന്‍സ് സര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ച് ഇന്ത്യന്‍ നാവികസേന. 

ഏതുകാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന എന്‍യുഎച്ച്എസ് സ്വന്തമാക്കുന്നതിനായി ഇരു രാജ്യങ്ങളുടെഎംബസികളുമായും യൂറോപ്യന്‍ എയറോസ്പേസ് പോലുള്ള വന്‍കിട നിര്‍മ്മാതാക്കളുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹെലികോപ്റ്ററുകളില്‍ ചില രൂപമാറ്റങ്ങള്‍ വേണമെന്നും ഇന്ത്യന്‍ നാവികസേന ആവശ്യപ്പെട്ടിട്ടുണ്ട്. 

അഞ്ച് ടണ്‍ ഭാരമുള്ള മടക്കാന്‍ കഴിയുന്ന ചിറകുകളുള്ള ഹെലികോപ്റ്ററുകളാണ് നാവികസേനയ്ക്ക് ആവശ്യം. ഇതിന് കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമണം നടത്താന്‍ ശേഷിയുണ്ടായിരിക്കണം. ഇത്തരത്തില്‍ 111 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് നീക്കം. സമുദ്ര നിരീക്ഷണം, തെരച്ചിൽ, രക്ഷാപ്രവര്‍ത്തനം, ലോജിസ്റ്റിക് പ്രവര്‍ത്തനം എന്നിവയ്ക്ക് നാവികസേനയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. എന്‍യുഎച്ച്എസുകള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെങ്കിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള നാവികസേനയുടെ മികച്ച ചുവടുവയ്പാണിതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Exit mobile version