Site iconSite icon Janayugom Online

പത്തു ഭാഷകളിൽ പാടി ശ്രദ്ധേയനായി നവാസ് കെ മൊയ്തീൻ

പത്തു വ്യത്യസ്ത ഭാഷകളിൽ പാട്ടുപാടി ശ്രദ്ധേയനാവുകയാണ് ആലുവ കോമ്പാറ സ്വദേശി നവാസ് കെ മൊയ്തീൻ. ഈജിപ്ഷ്യൻ, ബംഗ്ലാ, ഗുജറാത്തി, ഉറുദു, പഞ്ചാബി, തെലുഗു, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ പാട്ടുകളുമായാണ് സംഗീത ലോകത്തെ പ്രതിഭയായി നവാസ് മാറുന്നത്. ടൈൽസ് പണിക്കാരനായിരുന്ന നവാസ് ഉമ്മ അസ്മയുടെയും ഭാര്യ ഫാത്തിമയുടെയും പിന്തുണയോടെയാണ് സംഗീത ലോകത്ത് ശ്രദ്ധേയനാവുന്നത്.

സ്കൂൾ കാലം മുതൽ പാട്ടിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നവാസ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുന്നത് പത്ത് വർഷങ്ങൾക്ക് മുൻപാണ്. ആക്സിഡന്റായി റസ്റ്റിൽ കഴിയുന്ന സമയത്താണ് സംഗീതം ശാസ്ത്രീയമായി പഠിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതവും കർണാട്ടിക് സംഗീതവും മൂന്നുവർഷവും സൂഫി സംഗീതം രണ്ട് വർഷവും അഭ്യസിച്ചു. ഹിന്ദുസ്ഥാനി സംഗീതം സുശാന്ത് കെ ഹേമസുന്ദറിൽ നിന്നും കർണാട്ടിക് സംഗീതം ഉദ്യോഗമണ്ഡലം വിജയകുമാറിൽ നിന്നും സൂഫി സംഗീതം സിയാഉൽ ഹക്കിന്റെ ബാന്റിൽ നിന്നും സ്വയം സ്വായത്തമാക്കുകയും ചെയ്തു. മക്കളായ നൈഹ സെറിനും നൈല സെറിനും പ്രിയപ്പെട്ട ഖവാലി സംഗീതവും നവാസ് വേദികളിൽ അവതരിപ്പിക്കാറുണ്ട്.

സംഗീതത്തോടുള്ള പ്രണയമാണ് ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് വ്യത്യസ്തതകൾ നിറഞ്ഞ സംഗീതം പഠിക്കാൻ നവാസിനെ പ്രേരിപ്പിച്ചത്. വിദേശരാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ പോയിട്ടുള്ള നവാസ് ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ സംഗീതത്തിലൂടെ അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽ ഉടനീളം പരിപാടികൾ അവതരിപ്പിച്ച നവാസ് സർക്കാർ പരിപാടികളിലും പാട്ടുമായി എത്തിയിട്ടുണ്ട്.

ഭാഷകളുടെ എണ്ണം വർദ്ധിപ്പിച്ച് റെക്കോർഡ് നേടാനുള്ള പ്രയത്നത്തിലാണ് നവാസിപ്പോൾ. ടൈൽസ് പണി അവസാനിപ്പിച്ച് പൂർണമായി സംഗീതത്തിന്റെ വഴിയിലൂടെയാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം. പ്രയത്നിക്കാൻ മനസ്സുണ്ടെങ്കിൽ സംഗീതം അഭ്യസിക്കാൻ ആർക്കും കഴിയുമെന്ന സന്ദേശം സംഗീത ദിനത്തിൽ നവാസ് പങ്കുവെക്കുന്നു. 

Eng­lish Summary:Nawas K Moideen became famous by singing in ten languages
You may also like this video

Exit mobile version