Site iconSite icon Janayugom Online

നവാസ് ഷെരീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തി

നാലുവര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തി. ലണ്ടനില്‍ നിന്നുള്ള വിമാനം ഇസ്ലാമാബാദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പിഎംഎൽ-എൻ പാര്‍ട്ടി അനുയായികളും മാധ്യമപ്രവര്‍ത്തകരും നവാസിനൊപ്പമുണ്ടായിരുന്നു. പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. നവാസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ വരേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിരവധി അനുയായികളാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. 

ജന്മനാടായ ലാഹോറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിച്ചു. പാകിസ്ഥാനില്‍ അരാജകം കൊടിക്കുത്തി വാഴുകയാണെന്നും പണമില്ലാത്ത രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തന്റെ പാര്‍ട്ടി പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്ഥിതി കാണുമ്പോള്‍ ആശങ്കയും നിരാശയും തോന്നുന്നു. ഇന്നത്തെ പാകിസ്ഥാന്‍ പൂര്‍ണമായും സമ്പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈമാസം 24 വരെ അറസ്റ്റ് തട‍ഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ദുബായില്‍ എത്തിയ അദ്ദേഹം വിവിധ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 

2019ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ നവാസ് വിദേശത്തേക്ക് പോയത്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേയാണ് ലണ്ടനിലേക്ക് പോയത്. 

Eng­lish Summary:Nawaz Sharif is back in Pakistan
You may also like this video

Exit mobile version