Site icon Janayugom Online

‘ഹൃദയഭാരത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്’: അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയൻതാര

nayanthara

അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടി നയൻതാര. ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദം സിനിമയ്ക്കും നയൻതാരയ്ക്കും ഏറെ നാളായി ചര്‍ച്ചാവിഷയമായിരുന്നു. ഇതിനുപിന്നാലെയാണ് താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 

നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയെന്ന ചിത്രത്തില്‍ നയൻതാരയാണ് നായികയായി എത്തുന്നത്. ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ജയ്ശ്രീറാം എന്ന തലക്കെട്ടിൽ നൽകിയ പോസ്റ്റിലൂടെയാണ് നയൻതാര ഖേദം പ്രകടിപ്പിച്ചത്. വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു.

‘അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറഞ്ഞു. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും അവർ വ്യക്തമാക്കി.

‘അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ OTT‑യിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.
‘എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു’ എന്നും നയൻതാര പോസ്റ്റില്‍ പറയുന്നു.

സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയർന്ന പരാതി. വിവാദമായതോടെ നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29‑നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

Eng­lish Sum­ma­ry: Nayan­thara apol­o­gizes for the Anna­pu­rani controversy

You may also like this video

Exit mobile version