Site iconSite icon Janayugom Online

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിതയായി നയ്‌ല അല്‍ ബലൂഷി

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിതയായി നയ്‌ല അല്‍ ബലൂഷി. പര്‍വതാരോഹകന്‍ സഈദ് അല്‍ മെമാരിയുടെ ഭാര്യയാണ് നയ്‌ല. അദ്ദേഹം നൂറിലേറെ പര്‍വതങ്ങള്‍ കയറിയിട്ടുണ്ട്. താന്‍ മല കയറിയത് സഈദ് അല്‍ മെമാരിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്ന് നയ്‌ല വെളിപ്പെടുത്തി. രണ്ട് തവണയാണ് മെമാരി എവറസ്റ്റിന് മുകളിലെത്തിയത്. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളായി നയ്‌ലയും മെമാരിയും മാറി.

പാകിസ്താനിലെ ബ്രോഡ് പീക്ക് കീഴടക്കാന്‍ കഴിഞ്ഞ വര്‍ഷം നെയ്‌ല ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ ശ്രമമാണ് എവറസ്റ്റ് കീഴടക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. അതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കി ചരിത്രം സൃഷ്ടിച്ചത്. മൂന്ന് മാസം മുമ്പാണ് ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്.

ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും കയറിയാല്‍ അത്ര പ്രയാസമേറിയതല്ല എവറസ്റ്റെന്നും കാലാവസ്ഥ വളരെ അനുകൂലമായിരുന്നെന്നും നയ്‌ല ചൂണ്ടിക്കാട്ടി. മറ്റ് ഇമാറാത്തി വനിതകള്‍ക്ക് ഈ നേട്ടം പ്രചോദനമാകുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.

പത്ത് ദിവസം കൊണ്ടാണ് അവര്‍ മുകളില്‍ എത്തിയത്. എവറസ്റ്റ് കയറുന്നതിന് മുന്നോടിയായി സൈക്കിളിങും ഓട്ടവും ദിനചര്യയാക്കിയിരുന്നു. ഇതിന് മുമ്പ് ഭര്‍ത്താവിനൊപ്പം അവര്‍ ചില മലകള്‍ കയറിയിരുന്നു. 2020ല്‍ തുര്‍ക്കിയിലെ ഗ്രേറ്റര്‍ അരാരത്ത്, യുക്രെയ്‌നിലെ മൗണ്ട് കാമറൂണ്‍, മൗണ്ട് ഹോവര്‍ല എന്നിവ നെയ്‌ല കീഴടക്കിയിരുന്നു.

Eng­lish sum­ma­ry; Nay­la Al Balushi became the first UAE woman to climb Mount Everest

You may also like this video;

Exit mobile version