സമ്പൂര്‍ണ കാവിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഇടതുപക്ഷ നിര്‍വചനത്തിലും മാറ്റം.
12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ മൂന്നാമത്തെ പാഠഭാഗത്തിലാണ് ഇടതുപക്ഷത്തെ സംബന്ധിച്ചുള്ള നിര്‍വചനം ഉള്‍പ്പെടുത്തിയിരുന്നത്. ദരിദ്രരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും പക്ഷത്ത് നിലകൊള്ളുകയും ഇവരുടെ ക്ഷേമത്തിനായുള്ള സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നവരെന്നായിരുന്നു നിര്‍വചനം. ഇതിനുബദലായി മത്സരാധിഷ്ഠിത വിപണിക്ക് പകരം ഭരണകൂട നിയന്ത്രണമുള്ള സമ്പദ്ഘടനയെ പിന്തുണയ്ക്കുന്നവരായി ഇടതുപക്ഷത്തെ മാറ്റിയെഴുതി. പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് നാഷണല്‍ കൗണ്‍സില്‍ എജുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എന്‍സിഇആര്‍ടി) നല്‍കിയിരിക്കുന്ന വിശദീകരണം.
ആസാദി പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും മാറ്റമുണ്ട്. ഏഴാമത്തെ പാഠഭാഗത്താണ് ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശങ്ങളാണുള്ളത്. എന്നാല്‍ ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലുള്ളവയ്ക്ക് ചില പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ പ്രതിപാദിക്കുന്ന ഖണ്ഡികയുടെ അവസാനമായാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 2019 ഓഗസ്റ്റില്‍ പിന്‍വലിച്ചു എന്ന് ചേര്‍ത്തിരിക്കുന്നത്. ഇതേ അധ്യായത്തില്‍ തന്നെ ഇന്ത്യ‑പാകിസ്ഥാന്‍ അതിര്‍ത്തി തര്‍ക്കത്തെകുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ആസാദ് പാകിസ്ഥാന്‍ എന്നതിന് പകരം പാകിസ്ഥാന്‍ അധീന ജമ്മു കശ്മീര്‍ എന്ന് മാറ്റി. അനധികൃതമായി പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലമെന്നാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍ വിഷയത്തിലുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് എന്‍സിഇആര്‍ടി പ്രതികരിച്ചു.
ഇതേ പുസ്തകത്തിലെ ആദ്യ പാഠഭാഗത്ത് മണിപ്പൂരിനെക്കുറിച്ചുള്ള പരാമര്‍ശത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മണിപ്പൂരില്‍ 1949 സെപ്റ്റംബറിലെ ലയനക്കരാറില്‍ രാജാവിനെക്കൊണ്ട് ഒപ്പുവയ്പ്പിക്കുന്നതില്‍ ഇന്ത്യ സര്‍ക്കാര്‍ വിജയിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി ആലോചിക്കാതെയായിരുന്നു തീരുമാനം. ഇത് ഏറെ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചുവെന്നാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നത്. എന്നാല്‍ 1949 സെപ്റ്റംബറിൽ ലയന കരാറിൽ ഒപ്പിടാൻ രാജാവിനെ പ്രേരിപ്പിക്കുന്നതിൽ ഇന്ത്യാ സര്‍ക്കാര്‍ വിജയിച്ചുവെന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഭാഷയില്‍ മാറ്റം വരുത്തിയെന്നാണ് വിശദീകരണം.
നേരത്തെ ബാബറി മസ്ജിദ്, ഗുജറാത്ത് കലാപം, ആര്യന്‍ കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ഇതേ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മാറ്റങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഉടന്‍ തന്നെ വിതരണം ചെയ്യും. പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരും. നാല് കോടിയിലധികം കുട്ടികള്‍ക്കാണ് പുസ്തകം വിതരണം ചെയ്യുക.
English Summary: NCERT has also taken a hand in the left definition; Azad left Pakistan, change in Manipur too
You may also like this video