Site iconSite icon Janayugom Online

കടുംവെട്ട് തുടര്‍ന്ന് എന്‍സിഇആര്‍ടി: ഐക്യമുന്നണികളുടെ ചരിത്രവും ഒഴിവാക്കി

ncertncert

മോഡി സര്‍ക്കാരിന്റെ ഇച്ഛയ്ക്കൊത്ത് പാഠഭാഗഭങ്ങളില്‍ വെട്ടിനിരത്തല്‍ അനുസ്യൂതം തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി). രാജ്യത്ത് 1977 മുതല്‍ ആദ്യമായി പരീക്ഷിച്ച ഐക്യമുന്നണി സര്‍ക്കാരിന്റെ ചരിത്രമാണ് ഏറ്റവുമൊടുവില്‍ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് വെട്ടിനിരത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷം വരെ നിലനിന്നിരുന്ന പാഠഭാഗമാണിത്.

പാഠഭാഗങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്ത നടപടിക്ക് പിന്നാലെയാണ് ഐക്യമുന്നണി സര്‍ക്കാരുകളുടെ ചരിത്രത്തെയും അധികൃതര്‍ വെട്ടിനിരത്തിയിരിക്കുന്നത്. മോഡിയുടെ മുന്‍ഗാമി എ ബി വാജ്പേയ് 1996ല്‍ രൂപീകരിച്ച ഐക്യമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള ഭാഗവും നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടും. ഐക്യമുന്നണി സര്‍ക്കാരുകളുടെ നിലനില്പ്, ഐക്യസര്‍ക്കാരിന്റെ കാലത്തുള്ള ജനാധിപത്യ സംവിധാനം തുടങ്ങിയ ഭാഗമായിരുന്നു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അത് നീക്കം ചെയ്ത അധികൃതര്‍ പകരം രാജ്യത്തിന്റെ ജനാധിപത്യം മറ്റു ലോക രാജ്യങ്ങളുമായുള്ള താരതമ്യം പഠനം എന്ന പാഠഭാഗം ഉള്‍പ്പെടുത്തുകയായിരുന്നു.

ഏകകക്ഷി ഭരണം ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും മോഡിയുടെയും ശ്രമം ദയനീയമായി തകര്‍ന്നടിഞ്ഞ് കൂട്ടുകക്ഷി ഭരണത്തിലേക്ക് എത്തിയതിനു പിന്നാലെയാണ് വെട്ടിനിരത്തലെന്നതും ശ്രദ്ധേയം. ഐക്യമുന്നണി സര്‍ക്കാരിനെ നയിക്കുന്ന മോഡിയുടെ ചരിത്രം പഠനവിധേയമാക്കുന്നത് മോഡിക്കും പാര്‍ട്ടിക്കും ക്ഷീണം വരുത്തുമെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. ഐക്യ മുന്നണി സര്‍ക്കാരുകളുടെ ചരിത്രം പഠന വിധേയമാക്കുന്നത് കുട്ടികളില്‍ നെഗറ്റീവ് ചിന്ത വളര്‍ത്തും എന്ന വികല വാദമാണ് എന്‍സിഇആര്‍ടി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. ബാബ്റി മസ്ജിദ്, ഗാന്ധി വധം, മുഗള്‍ സാമ്രാജ്യ ചരിത്രം, ഗോധ്ര കലാപം തുടങ്ങിയ പാഠഭാഗങ്ങള്‍ എന്‍സിഇആര്‍ടി നേരത്തെ നീക്കം ചെയ്തത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. 

Eng­lish Sum­ma­ry: NCERT: His­to­ry of Unit­ed Fronts also omit­ted after cutbacks

You may also like this video

Exit mobile version