Site iconSite icon Janayugom Online

ബ്രിട്ടീഷുകാരുടെ വിഭജനനയം വെള്ളപൂശുന്ന എൻസിഇആർടി

സിബിഎസ്ഇ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന എൻസിഇആർടി, പാഠങ്ങളും അനുബന്ധ വായനാ സാമഗ്രികളും മാറ്റുന്നതിനുള്ള തീവ്രയത്നത്തിലാണ്. ഭരണകക്ഷിയുടെ അജണ്ടയ്ക്ക് അനുയോജ്യമായ തരത്തിൽ ഉള്ളടക്കങ്ങൾ പരിഷ്കരിക്കുകയും മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനം. ഹിന്ദു ദേശീയതയെന്ന അജണ്ട പിന്തുടരുന്ന ബിജെപി — ആർഎസ്എസ് രാഷ്ട്രീയത്തെ പുതുതലമുറ പിന്തുണയ്ക്കുന്ന രീതിയിൽ ഭൂതകാലം നിർമ്മിക്കുകയാണ് പുതിയ പാഠപുസ്തകങ്ങളിലൂടെ. മുഗൾ ചരിത്രത്തെ ഇതിനകം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ആര്യവംശം ഹിന്ദു ദേശീയതയുടെ അടിസ്ഥാനശിലകളിൽ ഒന്നായതിനാൽ, ഹിന്ദുത്വ ദേശീയതയെ ശക്തിപ്പെടുത്തുന്നതിനായി ആര്യന്മാരെ ആദ്യതലമുറകളായി മഹത്വപ്പെടുത്തുന്ന തരത്തിൽ പുരാതന ചരിത്രവും അവതരിപ്പിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും പുതിയത് ഇന്ത്യയുടെ വിഭജനത്തിന്റെ തെറ്റായ ചിത്രീകരണമാണ്. ‘വിഭജന ഭീകരദിനവും വിഭജനവും’ എന്ന പേരിൽ രണ്ട് മൊഡ്യൂളുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പദ്ധതികൾ, സംവാദങ്ങൾ മുതലായവയുൾപ്പെടെ അനുബന്ധ വായനയ്ക്കായി ഉദ്ദേശിച്ചുള്ളതാണ് ഈ മൊഡ്യൂളുകൾ.
‘ആത്യന്തികമായി, 1947 ഓഗസ്റ്റ് 15ന് ഇന്ത്യ വിഭജിക്കപ്പെട്ടു. വിഭജനത്തിന് ഉത്തരവാദികളായി മൂന്ന് ഘടകങ്ങളുണ്ടായിരുന്നു: ഒന്ന്, ജിന്ന അത് ആവശ്യപ്പെട്ടു; രണ്ടാമതായി, അതംഗീകരിച്ച കോൺഗ്രസ്; മൂന്ന്, അത് നടപ്പിലാക്കിയ മൗണ്ട് ബാറ്റൺ’ എന്നാണ് പാഠപുസ്തക ഭാഷ്യം. ‘ഇന്ത്യ ഒരു യുദ്ധക്കളമായി മാറിയിരുന്നു, ഒരു ആഭ്യന്തരയുദ്ധം ഉണ്ടാകുന്നതിനെക്കാൾ രാജ്യം വിഭജിക്കുന്നതാണ് നല്ലത്’ എന്ന് സർദാർ വല്ലഭായ് പട്ടേൽ പറഞ്ഞതായി മൊഡ്യൂളിൽ പറയുന്നു. ജവഹർലാൽ നെഹ്രു അതിനെ ‘മോശമാണെങ്കിലും ഒഴിവാക്കാനാവാത്തത്’ എന്ന് വിശേഷിപ്പിച്ചു. വിഭജനത്തിൽ കക്ഷിയാകാൻ തനിക്ക് കഴിയില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞതായി ഉദ്ധരിക്കുമ്പോൾത്തന്നെ അക്രമത്തിലൂടെ കോൺഗ്രസ് അത് നടപ്പാക്കുന്നത് അദ്ദേഹം തടഞ്ഞില്ല എന്നും പാഠത്തിലുണ്ട്.
‘രാഷ്ട്രീയ ഇസ്ലാമിൽ’ വേരൂന്നിയ ഒരു പ്രത്യേക സ്വത്വത്തിലുള്ള മുസ്ലിം നേതാക്കളുടെ ആശയമായാണ് വിഭജനത്തെ വിലയിരുത്തുന്നത്. അമുസ്ലിങ്ങളായവരുമായുള്ള സ്ഥിരമായ സമത്വത്തെ നിരസിക്കുന്ന ആശയവുമായി പാകിസ്ഥാൻ പ്രസ്ഥാനത്തെ നയിച്ച ‘പ്രാപ്തനായ അഭിഭാഷകൻ’ എന്ന് ജിന്നയെ വിശേഷിപ്പിക്കുന്നു. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് നയത്തിന്റെയും ഹിന്ദു വർഗീയതയുടെ സമാന്തരവും വിപരീതവുമായ പങ്കിനെയും പൂർണമായും വെള്ളപൂശുകയും മുസ്ലിം വർഗീയതയെ മാത്രമെടുത്ത് അതിനെ രാഷ്ട്രീയ ഇസ്ലാം എന്ന് വിളിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ ഇസ്ലാം എന്ന പ്രയോഗം വിഭജനകാലത്ത് സൃഷ്ടിക്കപ്പെടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല, മുസ്ലിം വർഗീയത എന്നാണ് അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷുകാരുടെ വരവിനുശേഷമുള്ള സാമൂഹിക മാറ്റങ്ങളോടെ പുതിയ വർഗങ്ങളായി വ്യവസായികൾ, വ്യാപാരികൾ, തൊഴിലാളികൾ, വിദ്യാസമ്പന്നർ എന്നിവർ ഉയർന്നുവന്നു. അവരുടെ സംഘടനകൾ രൂപീകരിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിലും കലാശിച്ചു. നാരായൺ മേഘാജി ലൊഖണ്ഡെ, സഖാവ് ശിങ്കാര വേലു എന്നിവർ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി സംഘടനകൾ രൂപീകരിച്ചു. കൊളോണിയൽ അതിക്രമങ്ങൾക്കും അടിച്ചമർത്തലിനുമെതിരെയും സമത്വത്തിനും വേണ്ടി ഭഗത് സിങ്ങും അദ്ദേഹത്തിന്റെ കൂട്ടാളികളും ഏറ്റവും ശക്തമായ പ്രകടനം നടത്തി. ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ, ഭീം റാവു അംബേദ്കർ, പെരിയോർ രാമസാമി നായ്ക്കർ എന്നിവർ ദേശീയ പ്രസ്ഥാനത്തിന് സമാന്തരമായി സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊണ്ടു, അത് നമ്മുടെ ഭരണഘടനയിലും ഒരു ഇടം കണ്ടെത്തി.
അതേസമയം ക്ഷയിച്ചുകൊണ്ടിരുന്ന വർഗങ്ങൾ — ഭൂപ്രഭുക്കളും രാജാക്കന്മാരും (രണ്ട് മതങ്ങളിലെയും) ഈ മാറ്റങ്ങളുടെ ഉയർച്ചയിൽ അസ്വസ്ഥരായി. അവർ മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകൾ രൂപീകരിച്ചു. മുസ്ലിം ലീഗ് മുസ്ലിം രാഷ്ട്രത്തിനുവേണ്ടി നിലകൊണ്ടു, ഹിന്ദു മഹാസഭ ഒരു ഹിന്ദു രാഷ്ട്രത്തിനായി വാദിച്ചു. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനായി 1925ൽ ആർഎസ്എസ് ഉയർന്നുവന്നു. ഈ വർഗീയ സംഘടനകൾ ഇന്ത്യൻ ദേശീയതയെയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നീ മൂല്യങ്ങളെയും എതിർത്തു. ഒപ്പം ബ്രിട്ടീഷുകാർ വർഗീയ ചരിത്രം മുന്നോട്ടുവച്ചു. മറ്റ് രണ്ടുകൂട്ടരും, അതിനെ അവരുടെ സൗകര്യത്തിനനുസരിച്ച് ഏറ്റെടുത്തു. ഇത് അക്രമാസക്തമായ വർഗീയ വിദ്വേഷത്തിന്റെ വിത്ത് വിതച്ചു. ഗാന്ധിജിക്കും മൗലാന ആസാദിനും വിഭജനദുരന്തത്തെ നിശബ്ദമായി അംഗീകരിക്കേണ്ടി വന്നത് ഈ അക്രമംമൂലമാണ്.
ബ്രിട്ടീഷ് വൈസ്രോയിമാരാരും വിഭജനം ആഗ്രഹിച്ചില്ല എന്നത് വളരെ ഉപരിപ്ലവമായ ഒരു പ്രസ്താവനയാണ്. രജീന്ദർ പുരിയുടെ ലേഖനത്തിൽ ലോർഡ് വേവലിന്റെയും ബ്രിട്ടീഷുകാരുടെയും പങ്ക് വ്യക്തമാക്കുന്നുണ്ട്. ”വിൻസ്റ്റൺ ചർച്ചിലിന്റെ ജീവചരിത്രകാരൻ സർ മാർട്ടിൻ ഗിൽബെർട്ട്, ജിന്നയോട് തനിക്ക് രഹസ്യ കത്തുകൾ അയയ്ക്കാൻ ചർച്ചിൽ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുന്നു. ചർച്ചിലിന്റെ സെക്രട്ടറിയായ എലിസബത്ത് ഗിലിയറ്റ് എന്ന വനിതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ രഹസ്യ ആശയവിനിമയം വർഷങ്ങളോളം തുടർന്നു. 1940നും 1946നുമിടയിലെ ജിന്നയുടെ പ്രധാന തീരുമാനങ്ങൾ, 1940ലെ പാകിസ്ഥാൻ ആവശ്യം ഉൾപ്പെടെ, ചർച്ചിൽ അല്ലെങ്കിൽ വൈസ്രോയിമാരായ ലിൻലിത്ഗോ, വേവൽ എന്നിവരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് എടുത്തത്. അതായത് പ്രധാനമായും ബ്രിട്ടീഷുകാരാണ് വിഭജനം ആഗ്രഹിച്ചത്”.
അക്കാലത്ത് ലോകത്ത് യുഎസ്, യുഎസ്എസ്ആർ എന്നീ രണ്ട് വൻശക്തികൾ ഉണ്ടായിരുന്നതിനാൽ ഇന്ത്യയിലെ ഐക്യത്തിൽ ബ്രിട്ടീഷുകാർക്ക് ഭയമുണ്ടായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിലെ പ്രധാന നേതാക്കളിലധികവും ഇടതുപക്ഷ ചിന്തയുള്ളവരായതിനാൽ, സോവിയറ്റ് യൂണിയനിലേക്ക് ചായുമോ എന്നായിരുന്നു പ്രധാനഭയം. അതിന്റെ ആഘാതം കുറയ്ക്കുന്നതിന് അവർ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു. മൗണ്ട്ബാറ്റൺ പ്രഭു രാജ്യത്തെ വിഭജിക്കാനുള്ള ഉത്തരവുമായി വന്നു. ഇടക്കാല സർക്കാരിൽ നെഹ്രുവും പട്ടേലും അടങ്ങിയ കോൺഗ്രസ് ഐക്യത്തോടെ തുടരുന്നതും ബുദ്ധിമുട്ടാണെന്ന് ബ്രിട്ടീഷുകാർ മനസിലാക്കി. ജിന്നയുടെ ‘നേരിട്ടുള്ള നടപടി’ എന്ന ആഹ്വാനം അക്രമ പരമ്പരകൾക്ക് വഴിയൊരുക്കി. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് അംഗീകരിക്കേണ്ടി വന്നതിന്റെ ഒരു പ്രധാന ഘടകമായിരുന്നു ഇത്.
ദേശീയത എന്ന ആശയത്തെ സംബന്ധിച്ചിടത്തോളം ഹിന്ദു മഹാസഭയും (ആർഎസ്എസും) മുസ്ലിം ലീഗും ഒരേ വഴിയിലായിരുന്നു. ‘ഹിന്ദുത്വം അഥവാ ആരാണ് ഒരു ഹിന്ദു’ എന്ന പുസ്തകത്തിൽ സവർക്കർ രാജ്യത്ത് രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് പ്രസ്താവിച്ചിട്ടുണ്ട്, ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവും. ”വാസ്തവത്തിൽ, വിനായക് ദാമോദർ സവർക്കറും മുഹമ്മദലി ജിന്നയും ഇന്ത്യയിലെ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളെക്കുറിച്ച് — ഒന്ന് മുസ്ലിം രാഷ്ട്രം, മറ്റൊന്ന് ഹിന്ദു രാഷ്ട്രം — പൂർണ യോജിപ്പിലായിരുന്നു”വെന്നാണ് ഡോ. ബി ആർ അംബേദ്കറുടെ നിഗമനം.
1938ലെ മഹാസഭാ കൺവെൻഷനിൽ, ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് സവർക്കർ പ്രഖ്യാപിച്ചു. ജിന്നയുടെ 1940ലെ ലാഹോർ പ്രമേയവും സമാനമായിരുന്നു. 1942ന് ശേഷം ബംഗാൾ, സിന്ധ്, നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യ എന്നിവിടങ്ങളിൽ ഹിന്ദു മഹാസഭ — മുസ്ലിം ലീഗ് സഖ്യ സർക്കാരുകളുടെ രൂപീകരണത്തിലും അവരുടെ പ്രത്യയശാസ്ത്ര സമാനത പ്രതിഫലിച്ചു. സമർത്ഥമായി വളച്ചൊടിച്ച് ഇപ്പോൾ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രജ്ഞർ വിഭജനത്തിന്റെ കുറ്റം മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും മേൽ മാത്രം ചുമത്തുന്നു, എന്നാൽ സത്യം വ്യത്യസ്തമാണ്.
ഈ മൊഡ്യൂളുകൾ മനഃപൂർവം വിട്ടുകളയുന്ന ബ്രിട്ടീഷുകാരാണ് മുസ്ലിം ലീഗിനെയും ഹിന്ദു ദേശീയവാദികളെയും അവരുടെ സാമൂഹിക പ്രവർത്തനങ്ങളിൽ പ്രോത്സാഹിപ്പിച്ചതും അതുവഴി രാജ്യത്തെ ഭയാനകമായ ദുരന്തത്തിലേക്ക് നയിച്ചതും. മത്സരാധിഷ്ഠിത വർഗീയതയിൽ മതിയായ പ്രതിരോധ നടപടികളെടുക്കാതിരുന്നതും രാജ്യം വിഭജിക്കാനുള്ള ബ്രിട്ടീഷുകാരടെ തിടുക്കവുമാണ് വിഭജന ഭീകരതകൾക്ക് കാരണം.
തീർച്ചയായും ആഴമേറിയ കാരണം വർഗീയതയായിരുന്നു, സവർക്കർ പ്രത്യയശാസ്ത്രപരമായ മൂടുപടം നൽകിയ വർഗീയത. രണ്ട് വർഗീയതകളും സമാന്തരമായും വിപരീതമായും പ്രവർത്തിച്ചുകൊണ്ട്, വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ദുരന്തങ്ങൾക്കും കൂട്ട കുടിയേറ്റങ്ങൾക്കും അനുബന്ധ ദുരിതൾക്കും നേതൃത്വം നൽകുകയായിരുന്നു. 

Exit mobile version