ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കി വിവാദം സൃഷ്ടിച്ച എന്‍സിഇആര്‍ടി വീണ്ടും വിവാദത്തില്‍. നാലാം ക്ലാസ് ഗണിതശാസ്ത്ര പാഠപുസ്തകത്തില്‍ ആഫ്രിക്കന്‍ കാണ്ടാമൃഗത്തെ ഇന്ത്യന്‍ കാണ്ടാമൃഗമായി ചിത്രീകരിച്ചതിനെ വന്യജീവി, വിദ്യാഭ്യാസ വിദഗ്ധര്‍ വിമര്‍ശിച്ചു. പുസ്തകത്തിലെ നിങ്ങള്‍ക്കറിയാമോ? നമുക്കുചുറ്റുമുള്ള ആയിരങ്ങളെ എന്ന ഭാഗത്തിലാണ് പിശക് അച്ചടിച്ചത്. ആഫ്രിക്കന്‍ കാണ്ടാമൃഗത്തിന്റെ ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങിനെയാണ്: ‘വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഹിമാലയ താഴ്‍വരകളിലാണ് കാണ്ടാമൃഗങ്ങളെ കാണുന്നത്. വെള്ളപ്പൊക്കവും കൊമ്പുകളുടെ ഔഷധമൂല്യവും കാരണം ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. 1900ങ്ങളുടെ തുടക്കത്തില്‍, എണ്ണം 200 ആയി കുറഞ്ഞിരുന്നു. പിന്നീട് സ്വീകരിച്ച നടപടികളിലൂടെ നിലവിലത് ഏകദേശം 4,000 ആയി ഉയര്‍ന്നു.’
ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍ ഒറ്റക്കൊമ്പുള്ളവയാണ്. പുസ്തകത്തിലുള്ളത് രണ്ട് കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ ചിത്രമാണ്. പാഠപുസ്തകത്തില്‍ ഇത്തരം തെറ്റുകള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉദയ് ഭാസ്കര്‍ ബോറ എക്സില്‍ കുറിച്ചു. വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ ചേര്‍ക്കണമായിരുന്നെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) സ്പീഷീസ് സര്‍വൈവല്‍ കമ്മിഷന്റെ ഏഷ്യന്‍ റിനോ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബിബബ് കുമാര്‍ താലൂക്ദാര്‍ പറഞ്ഞു. ഹിമാലയന്‍ താഴ‍്‍വരകള്‍ക്ക് പുറമേ അസമിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലും കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയം പരിശോധിക്കാന്‍ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിനോട് നിര്‍ദ്ദേശിച്ചതായി അസം വിദ്യാഭ്യാസ മന്ത്രി റാനോജ് പേഗു പറഞ്ഞു.

