Site iconSite icon Janayugom Online

ശ്രീരാമൻ മാംസാഹാരിയെന്ന് എൻസിപി നേതാവ്: വിവാദമായതോടെ ഖേദപ്രകടനം

ശ്രീരാമൻ മാംസാഹാരിയായിരുന്നുവെന്നും വേട്ടയാടി ഭക്ഷിച്ച്‌ കഴിഞ്ഞയാളാണെന്നുമുള്ള പരാമര്‍ശം വിവാദമായതോടെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ജിതേന്ദ്ര അവാദ് ഖേദം പ്രകടിപ്പിച്ചു.

എൻസിപി ശരദ് പവാര്‍ പക്ഷത്തെ എംഎല്‍എയും മുൻ മന്ത്രിയുമാണ് ജിതേന്ദ്ര അവാദ്. പരാമര്‍ശത്തിനെതിരെ ബിജെപി പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഖേദപ്രകടനം. എന്നാല്‍, വിവാദ പരാമര്‍ശം തിരുത്താനോ പിൻവലിക്കാനോ അദ്ദേഹം തയ്യാറായില്ല.

രാമൻ ബഹുജനത്തിന്റെയാണ്. വേട്ടയാടി ഭക്ഷിച്ച്‌ കഴിഞ്ഞയാളാണ്. 14 വര്‍ഷം വനത്തില്‍ കഴിഞ്ഞയാള്‍ എങ്ങനെ സസ്യഹാരി മാത്രമാവും?. രാമനെ പിന്തുടര്‍ന്നാണ് മാംസാഹാരം കഴിക്കുന്നതെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. വിവാദം നീട്ടിക്കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താൻ പഠിക്കാതെ ഒന്നും പറയാറില്ല. അയോധ്യകാണ്ഡത്തിലെ ശ്ലോകം വായിച്ച്‌ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അയോധ്യയിടെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച്‌ മഹാരാഷ്ട്രയില്‍ രണ്ട് ദിനം മദ്യവും മാംസവും നിരോധിക്കണമെന്ന് ബിജെപി നേതാവ് റാം കദത്തിന്റെ ആവശ്യത്തോടുള്ള പ്രതികരണമായിരുന്നു ഇത്. പിന്നാലെ വിവിധയിടങ്ങളില്‍ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. പുനെയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജിതേന്ദ്ര അവാദിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ശ്രീരാമ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ബിജെപി നേതാവ് റാം കദം മുംബൈ പൊലീസില്‍ പരാതിയും നല്‍കി.

Eng­lish Sum­ma­ry: NCP leader says Sri Rama is non-veg­e­tar­i­an: Con­tro­ver­sy shows regret

You may also like this video

Exit mobile version